തെരുവുനായ ആക്രമണം; മനുഷ്യജീവിതം സുരക്ഷിതമാക്കുന്നതിന് നിയമ നിര്‍മാണം നടത്തണം: നഗരസഭ

മണ്ണാര്‍ക്കാട്: തെരുവുനായകളില്‍ നിന്നും മനുഷ്യ ജീവിതം സുരക്ഷിതമാക്കുന്നതിനാവശ്യമായ തരത്തില്‍ നിയമ നിര്‍മാണം നടത്തുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിക്കാന്‍ നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചു.  മണ്ണാര്‍ക്കാട് നഗരസഭാ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നതായി പരാതി ഉയരുകയും അടുത്ത ദിവസങ്ങളിലായി ആളുകളെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൗണ്‍സിലില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീക് റഹ്മാന്‍ പ്രമേയം അവതരിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ഉത്തരവു പ്രകാരം തെരുവുനായ്ക്കളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. തെരുവുനായ്ക്കളെ വന്ധ്യംകരിക്കല്‍ മാത്രമാണ് നിലവിലെ ഏക പ്രതിരോധ സംവിധാനം.എന്നാല്‍ ഇതും തെരുവുനായശല്ല്യത്തിന് പരിഹാരമാകുന്നില്ലെന്നതാണ് വസ്തുത.ഭൂമിയില്‍ ജീവിക്കാന്‍ മനുഷ്യനോളം തന്നെ ജീവിക്കാനുള്ള  അവകാശം മൃഗങ്ങള്‍ക്കുണ്ടെങ്കിലും മനുഷ്യനേക്കാളും പ്രധാന്യം മൃഗങ്ങള്‍ക്കു നല്‍കുന്ന തരത്തിലുള്ള നിലവിലെ നിയമം മൂലം മനുഷ്യന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.വിദ്യാഭ്യാസ കലാ കായിക കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹംസ കുറുവണ്ണ പിന്താങ്ങി.

തെരുവുനായ്ക്കള്‍ നിമിത്തം ധൈര്യമായി വഴി നടക്കാന്‍ വയ്യെന്ന നിലയിലാണ് മണ്ണാര്‍ക്കാട് നഗരത്തിലെ സ്ഥിതിഗതികള്‍. അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഇവ ആളുകളെ ആക്രമിക്കാനും തുടങ്ങിയതോടെ ജനങ്ങളാകെ ഭയപ്പാടിലാണ്.കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേരെയാണ് തെരുവുനായ കടിച്ചത്. വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള കാല്‍നടയാത്രക്കാരുടേയും ഇരുചക്ര വാഹനയാത്രക്കാരുടേയും പേടിസ്വപ്‌നമായി തെരുവുനായ്ക്കള്‍ മാറിയിട്ടുണ്ട്. നേരത്തെ തെരുവുനായ ശല്ല്യം വര്‍ധിച്ചതായി വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തില്‍ നഗരസഭ ഇടപെട്ട് വന്ധ്യംകരണ പദ്ധതി നടപ്പിലാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് മുടങ്ങി നില്‍ക്കുകയാണ്. സ്‌ക്വാഡ് ഇല്ലാത്തതാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന്റെ തണലില്‍ തെരുവുകള്‍ കയ്യടക്കി നായകള്‍ വിഹരിക്കുമ്പോള്‍ അധികൃതരും നിസ്സഹായരായി നില്‍ക്കേണ്ട് വരികയാണ്.
Previous Post Next Post

نموذج الاتصال