വിദ്യാര്‍ഥിയെ ബസില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ ബസ് കണ്ടക്ടര്‍ക്കെതിരെ കോങ്ങാട് പൊലീസ് കേസെടുത്തു. പാലക്കാട്- മണ്ണാര്‍ക്കാട് റൂട്ടിലോടുന്ന മുണ്ടൂര്‍ സ്വകാര്യ ബസില്‍നിന്ന് തള്ളിയിട്ടതായാണ് പരാതി. പൊരിയാനി പൊന്നാട്ടില്‍ വീട്ടില്‍ ഷാജിയുടെ മകനും മുട്ടിക്കുളങ്ങര സെന്‍റ് ആന്‍സ് ഇ.എം.എച്ച്.എസ് പത്താംതരം വിദ്യാര്‍ഥിയുമായ അഭിഷേകിനെ (14) പാലക്കാട്- മണ്ണാര്‍ക്കാട് റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസില്‍നിന്ന് തള്ളിയിട്ടതായാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. ബുധനാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം.
മുട്ടിക്കുളങ്ങര ഭാഗത്തുനിന്നാണ് വിദ്യാര്‍ഥി ബസില്‍ കയറിയത്. പൊരിയാനി സീനായ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബസ് നിര്‍ത്തിയില്ല. തൊട്ടടുത്ത സ്റ്റോപ്പിലും നിര്‍ത്താത്തതിനെ തുടര്‍ന്ന് അടുത്ത കപ്ളി പാറ സ്റ്റോപ്പില്‍ ബസ് വേഗം കുറച്ചപ്പോള്‍ ഇറങ്ങാന്‍ ഒരുങ്ങിനിന്ന അഭിഷേകിനെ കണ്ടക്ടര്‍ തള്ളുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
മുഖം കുത്തി വീണതിനെത്തുടര്‍ന്ന് നെറ്റിയില്‍ പരിക്കേറ്റിട്ടുണ്ട്.പൊലീസ് വിദ്യാര്‍ഥിയില്‍നിന്ന് മൊഴിയെടുത്തു. രക്ഷിതാക്കള്‍ പാലക്കാട് ആര്‍.ടി ഒക്കും പരാതി നല്‍കി