ഡൽഹി: കേരള സംസ്ഥാനത്ത് വിവിധ മേഖലകളിൽ പേപ്പട്ടി ആക്രമണവും തെരുവുനായ് ശല്യവും രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് മണ്ണാർക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്. ഡി. ഇ. പി ഫൗണ്ടേഷൻ സുപ്രീം കോടതിയിൽ ഹർജി നൽകി. സംസ്ഥാനത്ത് പേപ്പട്ടി ആക്രമണവും തെരുവുനായ് ശല്യവും ഇത്രയേറേ രൂക്ഷമായിട്ടും അതിനെ ചെറുക്കാൻ കേന്ദ്ര സർക്കാറോ, സംസ്ഥാന സർക്കാറോ, ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഫലപ്രദമായ ഒരു നടപടിയും എടുക്കാതെ ഇപ്പോഴും അവരുടെ നിശബ്ദത തുടരുകയാണ്. തെരുവ് നായ്ക്കളുടെ ആക്രമണം മൂലം പൊതുജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ഇതുവരെയും പരിഗണിച്ചിട്ടില്ല എന്നും, അതുപോലെ തെരുവ് നായ്ക്കളുടെ ക്രൂരമായ ആക്രമണങ്ങളിൽ നിന്ന് മനുഷ്യജീവനുകളെ രക്ഷിക്കാൻ ഈ സർക്കാരുകൾ ഫലപ്രദമായ നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല എന്ന വസ്തുതയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എച്ച്. ഡി. ഇ. പി. ഫൗണ്ടേഷൻ സുപ്രീം കോടതി അഭിഭാഷകരായ അഡ്വ. ജുനൈസ് പടലത്തും, അഡ്വ. പ്രശാന്ത് കുളമ്പിലും മുഖേന സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
ഈ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നിലനിൽക്കുന്ന വിവിധ ഹർജികളോടൊപ്പം, എച്ച്. ഡി. ഇ. പി ഫൗണ്ടേഷന്റെ ഹർജിയും ഈ മാസം 28ന് സുപ്രീം കോടതി പരിഗണിക്കുമെന്ന് അഡ്വ: ജുനൈസ് പടലത്ത് അറിയിച്ചു.