വിവരാവകാശ നിയമം പൂര്‍ണ്ണമായും ജനപക്ഷത്ത് നില്‍ക്കുന്നതാണെന്നും വിവരാവകാശ അപേക്ഷകള്‍ ഓഫീസര്‍മാര്‍ കൈകാര്യം ചെയ്യുമ്പോള്‍ ജനപക്ഷത്തു നിന്ന് തീരുമാനമെടുക്കണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കീം പറഞ്ഞു. പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെളിവെടുപ്പിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
വിവരാവകാശ അപേക്ഷകളില്‍ എല്ലാ ഉദ്യോഗസ്ഥരും തുറന്ന സമീപനം സ്വീകരിക്കണമെന്നും അപേക്ഷകള്‍ക്ക് സത്യസന്ധമായ വിവരം നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് എല്ലാ സംരക്ഷണവും കമ്മീഷന്‍ ഉറപ്പാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഉണ്ടായിട്ടും വിവരം നല്‍കാതെ തടസ്സം നില്‍ക്കുന്ന ഓഫീസര്‍മാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. വിവരാവകാശ ചോദ്യങ്ങള്‍ക്കുള്ള മറുപടി നല്കാന്‍ 30 ദിവസം കാത്തിരിക്കുന്നത് നല്ല സമീപനമല്ല. പരമാവധി വേഗം മറുപടി നല്‍കണം. പൊതു ജനങ്ങള്‍ വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ പാടില്ല. ഒരേ വിവരങ്ങള്‍ പല ഉപ വിഭാഗങ്ങളിലായി ചോദിക്കുക, ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള വിവരങ്ങള്‍ ചോദിക്കുക എന്നിവ കമ്മീഷന്‍ പ്രോത്സാഹിപ്പിക്കില്ല. ദൈനംദിന ജോലികള്‍ക്ക് പുറമെ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ തയ്യാറാകുന്ന ഉദ്യോഗസ്ഥരുടെ മനസ് മടുപ്പിക്കുന്ന സമീപനം പൊതുജനങ്ങളില്‍ നിന്ന് ഉണ്ടാകരുത്. വിവരാവകാശ അപേക്ഷകളില്‍ വിവരങ്ങള്‍ നല്‍കുന്ന ഉദ്യോഗസ്ഥര്‍ അവരുടെ പേര്, തസ്തിക എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷ്ണര്‍ പറഞ്ഞു.
വിവരാവകാശ അപേക്ഷകളില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഒന്നാം അപ്പ്‌ലറ്റ് അതോറിറ്റി എന്നിവര്‍ക്ക് അപേക്ഷകരെ ഹിയറിംഗ് വിളിക്കാന്‍ അധികാരമില്ലെന്നും ഹിയറിംഗ് അധികാരം സംസ്ഥാന വിവരാവകാശ കമ്മീഷനാണെന്നും കമ്മീഷണര്‍ അറിയിച്ചു.അപേക്ഷകരുടെ വിലാസം പോലെ തിരിച്ചറിയാനുള്ള കാര്യങ്ങളല്ലാതെ അപേക്ഷകന്റെ ലക്ഷ്യം, താല്പര്യം ഒന്നും അന്വേഷിക്കാന്‍ പാടുള്ളതല്ലായെന്നും കമ്മീഷ്ണര്‍ വ്യക്തമാക്കി.