ഷാർജ ബുതീനയിൽ കുത്തേറ്റ് മരിച്ച മണ്ണാർക്കാട് കല്ലാംകുഴി സ്വദേശി അബ്ദുൽ ഹക്കീം പടലത്ത് (36) സഹപ്രവർത്തകർക്കെല്ലാം പ്രിയങ്കരനായിരുന്നു. നെസ്റ്റോ ഗ്രൂപ്പിൽ ഫ്രണ്ട്–എൻഡ് മാനേജരായി വർക്ക് ചെയ്യുന്ന ഹക്കീം. വളരെ താഴേത്തട്ടിൽ നിന്ന് കഠിനാധ്വാനത്തിലൂടെ ഉയർച്ചകളിലെത്തിയ വ്യക്തിയാണ്. ഞായറാഴ്ച അർദ്ധ രാത്രിയാണ് ഹക്കീം കൊല്ലപ്പെട്ടത്. നെസ്റ്റോയിലെ ജീവനക്കാരെല്ലാം ജോലി ഒഴിവ് വേളകളിലും മറ്റും ചായ കുടിക്കാൻ ചെല്ലാറുള്ള കഫ്റ്റീരിയയിലായിരുന്നു കൊലപാതകം നടന്നത്. ഹക്കീമിന്റെ സഹപ്രവർത്തകൻ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാൻ ചെന്നപ്പോൾ അവിടെയെത്തിയ പ്രതിയായ പാക്കിസ്ഥാൻ സ്വദേശി നിസാര കാര്യങ്ങൾ പറഞ്ഞ് വാക്കു തർക്കത്തിലേർപ്പെടുകയായിരുന്നു. തുടർന്ന് ഫവാസിന്റെ മുഖത്തേയ്ക്ക് ചായ ഒഴിച്ചതായും പറയുന്നു. ഈ സംഭവം അറിഞ്ഞ അബ്ദുൽ ഹക്കീം പ്രശ്നം പരിഹരിക്കാൻ വേണ്ടി അവിടെയെത്തുകയായിരുന്നു. എന്നാൽ, പ്രകോപിതനായ പ്രതി അബ്ദുൽ ഹക്കീമിനെ ഷവർമ സ്റ്റാളിൽ നിന്ന് കത്തിയെടുത്ത് കുത്തി. കഴുത്തിലാണ് കുത്തേറ്റത്. ഉടനടി തൊട്ടടുത്തുള്ള സുലേഖ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കത്തിക്കുത്ത് തടയാൻ ശ്രമിച്ച മറ്റൊരു സഹപ്രവർത്തകനായ ഈജിപ്ത് സ്വദേശി മുഹമ്മദ് ഹാത്തിയക്കും പരുക്കേറ്റു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പൊലീസെത്തിയാണ് കീഴടക്കിയത്.
എട്ട് വർഷമായി നെസ്റ്റോ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന ഹക്കീം പായ്ക്കിങ് ജോലിയിലൂടെയാണ് തന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്, തുടർന്ന് സെയിൽസ്മാനും പിന്നീട് ഫ്രണ്ട്–എൻഡ് മാനേജരുമായി. എല്ലാവരോടും സൗമ്യതയോടെ ഇടപെട്ടിരുന്നതു കൊണ്ടു തന്നെ മാനേജ്മെന്റിനും മറ്റു ജീവനക്കാർക്കും പ്രിയപ്പെട്ടവനായിരുന്നു. എല്ലാവരുമായും വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന അബ്ദുൽ ഹക്കീം അവരുടെയെല്ലാം സ്വകാര്യ ദുഃഖങ്ങൾ തന്റേതായി കൂടി കാണുമായിരുന്നുവെന്ന് ഇദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. മറ്റൊരു സ്വപ്നം കൂടി പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഹക്കീമിന്റെ മടക്കം, സ്വന്തമായി വീട് വെക്കുക എന്നത് ഹക്കീമിന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനായി ചിറക്കൽപ്പടിയിൽ എട്ട് സെന്റ് സ്ഥലം വാങ്ങുന്നതിനായി അഡ്വാൻസ് തുകയും നൽകിയിരുന്നു. മൂന്നു മാസം മുൻപ് അബ്ദുൽ ഹക്കീം നാട്ടിലെത്തി മടങ്ങിയതാണ്. ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തിന്‍റെ കുടുംബം ഷാർജയിൽ നിന്ന് നാട്ടിലേയ്ക്ക് മടങ്ങിയത്. ഹംസ പടലത്ത് സക്കീന ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷഹാന ഷെറിൻ.
മക്കൾ: സിയാ മെഹ്ഫിൻ, ഹയാ ഇശൽ.
ഷാർജ ഫൊറൻസിക് വിഭാഗത്തിൽ പോസ്റ്റുമോർട്ടത്തിനായി സൂക്ഷിച്ചിട്ടുള്ള മൃതദേഹം നിയമ നടപടികൾ പൂർത്തിയായ ശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് നെസ്റ്റോ അധികൃതർ പറഞ്ഞു.