മണ്ണാർക്കാട്: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മണ്ണാർക്കാട് പൂരത്തിന് തുടക്കമായി. രാത്രി 11 മണിയോടെയാണ് പൂരം കൊട്ടിപ്പുറപ്പെട്ടത്.
ശ്രീലകത്തുനിന്ന് ആനപ്പുറത്തേറി ഭഗവതി പ്രഥമ ആറാട്ടിന് പുറത്തേക്കെഴുന്നള്ളി. വാദ്യമേളങ്ങളുടെയും കോമരങ്ങളുടെയും തട്ടകമക്കളുടെയും, പൂരാഘോഷക്കമ്മിറ്റിയംഗങ്ങളും ഭക്തരും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ദേവിയെ ആറാട്ടുകടവിലേക്ക് ആനയിച്ചു. കുന്തിപ്പുഴ ആറാട്ടുകടവിൽനടന്ന ആറാട്ട് ഭക്തിസാന്ദ്രമായി.
വീഡിയോ കാണാം👇
ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പന്തലക്കോടത്ത് ശങ്കരനാരായണൻനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്ന താന്ത്രികച്ചടങ്ങുകൾക്കും പൂജകൾക്കുംശേഷമാണ് പൂരാഘോഷം തുടങ്ങിയത്.
വൈകുന്നേരം 6.30-ന് ദീപാരാധന നടന്നു. തുടർന്ന്, മണ്ണാർക്കാട് മെഗാ തിരുവാതിര ഗ്രൂപ്പ് അവതരിപ്പിച്ച തിരുവാതിരക്കളിയും നടന്നു.
വീഡിയോ കാണാം👇
പൂരദിനങ്ങളിൽ എല്ലാദിവസവും രാവിലെയും രാത്രിയും ആറാട്ടെഴുന്നള്ളിപ്പുണ്ടാകും. രണ്ടാംപൂരമായ ബുധനാഴ്ച വൈകുന്നേരം മൂന്നുമുതൽ അഞ്ചുവരെ കലാമണ്ഡലം പ്രൊഫ. രാമചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത് അരങ്ങേറും.
തുടർന്ന്, പാലക്കാട് രാധാകൃഷ്ണൻ ആൻഡ് പാർട്ടിയുടെ നാദസ്വരവും കല്ലൂർ ജയന്റെ നേതൃത്വത്തിലുള്ള തായമ്പകയും നടക്കും. കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവയ്ക്കുശേഷം രാത്രി എട്ടുമുതൽ പത്തുവരെ മെഗാ മെജലിസ്റ്റ് ഫ്യൂഷൻ നടക്കും. വ്യാഴാഴ്ചയാണ് പൂരം കൊടിയേറ്റ്.