അട്ടപ്പാടി മധു വധക്കേസിൽ 13 പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ് വിധിച്ച് കോടതി. മുനീർ ഒഴികെയുള്ള പ്രതികൾക്കാണ് കഠിന തടവ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി ഹുസൈന് ഏഴ് വഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ശിക്ഷാ വിധിയിൽ പറയുന്നു.
പരസ്യം
മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി.രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി ജൈജു മോൻ, പന്ത്രണ്ടാം പ്രതി പി.സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം പിഴയും ചുമത്തി.പതിനാറാം പ്രതി മുനീറിന് ഐ.പി.സി 352 പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പരമവധി 3 മാസം തടവാണ് ശിക്ഷ. നേരത്തെ ജയിൽവാസം അനുഭവിച്ചതിനാൽ മുനീറിന് ഇനി ശിക്ഷ അനുഭവിക്കേണ്ടിവരില്ല. 500 രൂപ പിഴയടക്കേണ്ടിവരും.
പിഴതുകയുടെ 50 ശതമാനം മധുവിന്റെ അമ്മക്ക് നൽകണം. കൂറുമാറിയ സാക്ഷികൾക്ക് എതിരായ നടപടി ഹൈക്കോടതി സ്റ്റേ പിൻവലിച്ചതിന് ശേഷമായിരിക്കും. പ്രതികളെ തവനൂർ സെന്റർ ജയിലിലേക്ക് മാറ്റും