തിരുവനന്തപുരം : എലത്തൂരിൽ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതായി മുൻ നിര മാധ്യമങ്ങളുടെ റിപ്പോർട്ട്. കേരള പൊലീസിന്റെ പ്രത്യേക സംഘം മഹാരാഷ്ട്രയിലെത്തിയാണ് ഷഹറൂഖ് സെയ്ഫിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം. അതേസമയം ഇക്കാര്യത്തിൽ പോലീസ് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ പിടികൂടിയത്.
മഹാരാഷ്ട്രയിലെ രത്നഗിരിയിലെ ഒരു ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം. പ്രതിയുടെ മുഖത്ത് പൊള്ളലേറ്റ പാടുകളുണ്ട്. ഇതിന് ചികിത്സ തേടാനാണ് ഇയാൾ രത്നഗിരിയിലെ ആശുപത്രിയിലെത്തിയിരുന്നത്. പോലീസ് എത്തിയപ്പോൾ ഇവിടെനിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു
രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു. പ്രതി പിടിയിലായെന്ന പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഉന്നത വൃത്തങ്ങളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന വിവരം പ്രതി പിടിയിലായി എന്ന് തന്നെയാണ്.