മണ്ണാർക്കാട്: മഴക്കാലത്ത് അപകടസാധ്യത കൂടുതലുള്ള കുരുത്തിച്ചാലിൽ വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി നവംബർ 30 വരെ സന്ദർശകരെ നിരോധിക്കാൻ കുമരംപുത്തൂർ പഞ്ചായത്തധികൃതരുടെയും വിവിധ വകുപ്പുതലമേധാവികളുടെയും യോഗത്തിൽ തീരുമാനമായി. റവന്യൂ-പോലീസ്-വനം-എക്‌സൈസ് വകുപ്പുദ്യോഗസ്ഥരും അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പങ്കെടുത്തു. വിഷയം അടുത്ത ഭരണസമിതിയോഗത്തിൽ അവതരിപ്പിക്കുമെന്നും നിരോധനമേർപ്പെടുത്താനുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ കളക്ടറോട് ആവശ്യപ്പെടുമെന്നും പഞ്ചായത്തധികൃതർ അറിയിച്ചു.
ചെക്‌പോസ്റ്റിൽ പോലീസ്, വനംവകുപ്പ് ജീവനക്കാരെ നിയോഗിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രദേശത്ത് എക്‌സൈസിന്റെ നിരീക്ഷണവും ശക്തമാക്കും. അപകടങ്ങളുണ്ടായാൽ പ്രദേശവാസികളായ യുവജനങ്ങൾക്കുതന്നെ മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നതിനാവശ്യമായ പരിശീലനം നൽകാമെന്ന് ഫയർ ആൻഡ് റെസ്‌ക്യു സർവീസ് പ്രതിനിധികൾ അറിയിച്ചു.
അപകട മുന്നറിയിപ്പ് ബോർഡുകളും ചെക്‌പോസ്റ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്ത് ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയലക്ഷ്മി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സഹദ് അരിയൂർ, ഡെപ്യൂട്ടി തഹസിൽദാർ രാമൻകുട്ടി, പോലീസ് ഇൻസ്‌പെക്ടർ ബോബിൻ മാത്യു, ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുനിൽകുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനീഷ്, ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസർ സുൽഫിസ് ഇബ്രാഹിം, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സ്റ്റാലിൻ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.