മണ്ണാർക്കാട്: ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു മരണം. ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപനി സ്ഥിതികരിച്ചത്. ആദ്യം മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മഴ തുടങ്ങിയതോടെ മണ്ണാർക്കാട് താലൂക്കിൽ പനിബാധിതർ കൂടുന്ന റിപ്പോർട്ട് ആശങ്കക്കിടയാക്കുന്നു. താലൂക്ക് ആശുപത്രിയിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലുമെല്ലാം പനിബാധിതർ നിറയുന്ന സ്ഥിതിയാണ്. കുട്ടികളിലും പനി പടരുന്നുണ്ട്. ഡെങ്കിപ്പനിയും വർധിക്കുന്നത് കൂടുതൽ ആശങ്കക്കിടയാക്കുന്നുണ്ട്.
താലൂക്ക് ആശുപത്രിയിൽ ഒ.പി.യിൽ മാത്രം കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ആയിരത്തിനടുത്ത് രോഗികളാണ് എത്തിയത്. ഇതിൽ ഭൂരിപക്ഷവും പനിബാധിതരാണ്. ജൂൺ ഒന്നുമുതൽ 15 വരെ 23 പേർക്കാണ് താലൂക്കിൽ ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തെങ്കര പഞ്ചായത്തിലാണ് കൂടുതൽ. എട്ടുപേർക്കാണ് ഇവിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കാരാകുറിശ്ശി പഞ്ചായത്തിൽ 6, കാഞ്ഞിരപ്പുഴയിൽ 4, കോട്ടോപ്പാടത്ത് 3, കരിമ്പയിൽ 2 എന്നിങ്ങനെയാണ് കണക്കുകൾ.
പനിബാധിതർക്ക് പരിമിതമായ മരുന്നുകളും മറ്റുമാണ് ആശുപത്രികളിലുള്ളത്. സ്വകാര്യ ആശുപത്രികളിലും പനിബാധിതരുടെ തിരക്കുണ്ട്. മഴക്കാലത്തിനു മുൻപുതന്നെ പലയിടത്തും ശുചീകരണം കാര്യക്ഷമമായി നടന്നത് ആശ്വാസമായിട്ടുണ്ട്.
മൂന്നുവർഷമായി താലൂക്കിൽ ഡെങ്കിപ്പനി കാര്യമായി റിപ്പോർട്ട് ചെയ്തിരുന്നില്ല. പ്രളയസമയത്ത് ഇവയുടെ അണുക്കൾ നശിച്ചുപോയതാകാം ഇത്തരം കേസുകൾ കുറഞ്ഞതിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിരീക്ഷണം. എന്നാൽ, വീണ്ടും ഡെങ്കിപ്പനി വർധിക്കുന്ന സാഹചര്യമാണെന്നും അധികൃതർ പറയുന്നു. അലക്ഷ്യമായി വലിച്ചെറിയുന്നതും വെള്ളം കെട്ടിക്കിടക്കുന്നതുമായ വസ്തുക്കളാണ് കൊതുകുകളുടെ ഉറവിടം. അതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ പറഞ്ഞു.
നിർദേശങ്ങൾ
വീടിനകത്തും പുറത്തും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണത്തിലൂടെ കൊതുകുകളെ ഇല്ലാതാക്കിയാൽ ഡെങ്കിപ്പനിയെ തടയാം. അലങ്കാരച്ചെടിച്ചട്ടികളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.
കിണറുകൾ, കുളങ്ങൾ തുടങ്ങിയ ശുദ്ധജലസ്രോതസുകളിൽ ഗപ്പി, ഗാംബൂസിയ, മാനത്തുകണ്ണി എന്നീ കൂത്താടിഭോജിമത്സ്യങ്ങളെ നിക്ഷേപിക്കുക, ടാങ്കുകളും പാത്രങ്ങളും നന്നായി മൂടിവെക്കുക.