2022 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലൈ 21-ന് പ്രഖ്യാപിക്കും. ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മികച്ച നടന്മാരുടെ പട്ടികയില്‍ അവസാന റൗണ്ടിലെ പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലെന്ന് സൂചന. മൂന്ന് ചിത്രങ്ങളിലെ പ്രകടനങ്ങളാണ് ഇരുവരേയും മികച്ച നടനുളള പുരസ്‌ക്കാര സാധ്യതയില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. അതേസമയം പൃഥ്വിരാജും ഇത്തവണ അവസാന റൗണ്ടിലുണ്ട് എന്നും സൂചനയുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി.ആര്‍. ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍ വിജയികളെ പ്രഖ്യാപിക്കും. ബുധനാഴ്ച രാവിലെ 11 മണിക്ക് നടക്കാനിരുന്ന പുരസ്‌ക്കാര പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിന്റെ ഭാഗമായുള്ള ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.
വ്യത്യസ്തവും അമ്പരപ്പിക്കുന്നതുമായ പ്രകടനങ്ങള്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ കാഴ്ച വെച്ച വര്‍ഷമായിരുന്നു 2022. സാധാരണ കാഴ്ചക്കാര്‍ക്കിടയിലും വിമര്‍ശകര്‍ക്കിടയിലും ഒരുപോലെ സ്വീകരിക്കപ്പെട്ട മികച്ച കഥാപാത്രങ്ങള്‍ താരത്തില്‍ നിന്നുണ്ടായി. റോഷാക്കിലെ ലൂക്ക് ആന്റണി, പുഴുവിലെ കുട്ടന്‍, നന്‍പകല്‍ നേരത്ത് മയക്കത്തിലെ ജെയിംസ് എന്നീ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
മമ്മൂട്ടിക്കൊപ്പം അവസാന റൗണ്ടിലുളള കുഞ്ചാക്കോ ബോബന് ഇതുവരെ മികച്ച നടനുളള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചിട്ടില്ല. രണ്ട് തവണ അദ്ദേഹത്തിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചിരുന്നു. ഇത്തവണ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് കുഞ്ചാക്കോ ബോബന് പുരസ്‌ക്കാര സാധ്യതയേറ്റുന്നത്. ഒപ്പം പട, അറിയിപ്പ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും കുഞ്ചാക്കോ ബോബന് കയ്യടി നേടാനായിരുന്നു.
ഇത് കുഞ്ചാക്കോ ബോബന്റെ ആദ്യമായി സംസ്ഥാന പുരസ്‌ക്കാരം നേടാനുളള മികച്ച അവസരമാണ്. എന്നാല്‍ മമ്മൂട്ടിയുടെ ശക്തമായ സാന്നിധ്യം കുഞ്ചാക്കോയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നു. ജനഗണമന, തീര്‍പ്പ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പൃഥ്വിരാജ് മികച്ച നടനുളള പുരസ്‌ക്കാരത്തിന് അവസാന റൗണ്ടില്‍ പരിഗണിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തവണ 156 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ ഉണ്ടായിരുന്നത്. സിനിമകളുടെ എണ്ണം കൂടിയതോടെ മത്സരവും കടുത്തു. സിനിമകളുടെ എണ്ണം കൂടുതലായതിനാൽ ഇത്തവണയും ത്രിതലജൂറിയാണ് വിധി നിർണയിക്കുന്നത്.
പ്രാഥമികതലത്തിലെ രണ്ടുജൂറികൾ (ഉപസമിതികൾ) വിലയിരുത്തുന്ന സിനിമകളിൽ 30 ശതമാനം അന്തിമ ജൂറിക്ക് അയയ്ക്കും. പ്രാഥമിക ജൂറി വിലയിരുത്തിയ സിനിമകളിൽ തർക്കമുള്ളവ അന്തിമ ജൂറിക്ക് വിളിച്ചുവരുത്തി കാണാം. രണ്ടുജൂറിയുടെയും അധ്യക്ഷന്‍മാര്‍ അന്തിമ ജൂറിയിലും ഉണ്ടാകും.
ഒന്നാം ഉപസമിതിയിൽ സംവിധായകനും കലാസംവിധായകനും ചിത്രകാരനുമായ നേമം പുഷ്പരാജാണ് ചെയർമാൻ. എഴുത്തുകാരായ വി.ജെ. ജയിംസ്, ഡോ. കെ.എം. ഷീബ, കലാസംവിധായകൻ റോയ് പി. തോമസ് എന്നിവരാണ് അംഗങ്ങൾ. രണ്ടാംസമിതിയിൽ സംവിധായകൻ കെ.എം. മധുസൂദനനാണ് ചെയർമാൻ. നിർമാതാവ് ബി.കെ. രാകേഷ്, സംവിധായകരായ സജാസ് റഹ്‌മാൻ, വിനോദ് സുകുമാരൻ എന്നിവരാണ് അംഗങ്ങൾ.