ഇത് പോരാട്ട വിജയം; മൂന്ന് ഇരട്ടിയോളം നഷ്ടപരിഹാരം വിധിച്ച് കണ്‍സ്യൂമര്‍ ഫോറം

മണ്ണാര്‍ക്കാട്: റഫ്രിജറേറ്റര്‍ വാങ്ങിയ ഉപഭോക്താവിന് മതിയായ വില്‍പ്പനാനന്തര സേവനം നല്‍കാത്തതിലെ വീഴ്ച പരിഗണിച്ച് മൂന്ന് ഇരട്ടിയോളം തുക നഷ്ടപരിഹാരം നല്‍കാന്‍ പാലക്കാട് ജില്ലാ കണ്‍സ്യൂമര്‍ ഫോറം വിധിച്ചു. മണ്ണാര്‍ക്കാട് അരകുര്‍ശ്ശി അരങ്ങത്ത് വീട്ടില്‍ എം.പുരുഷോത്തമന്‍ നല്‍കിയ പരാതിയിലാണ് കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് വിനയ് മേനോന്‍, എന്‍.കെ.കൃഷ്ണന്‍കുട്ടി (മെമ്പര്‍) എന്നിവരടങ്ങിയ കണ്‍സ്യൂമര്‍ ഫോറത്തിന്റെ വിധി. പരാതിക്കാരന് ഫ്രിഡ്ജിന്റെ വിലയായ 55,000 രൂപ പൂര്‍ണമായും കമ്പനി തിരിച്ചു നല്‍കണം. കൂടാതെ ഫ്രിഡ്ജ് വാങ്ങിയ 2018 ഒക്ബോടര്‍ 31 മുതല്‍ പത്ത് ശതമാനം പലിശ നല്‍കാനും  സേവനങ്ങളുടെ പോരായ്മകള്‍ക്കും തെറ്റായ കച്ചവടരീതികള്‍ക്കും 30,000 രൂപയും പരാതിക്കാരനുണ്ടായ മാനസിക പ്രയാസങ്ങള്‍ക്ക് 25,000 രൂപയും കേസിന്റെ നടത്തിപ്പ് ചിലവിലേക്കായി 20,000 രൂപയും  നല്‍കാനുമാണ് വിധി.സാംസങ് ഇന്ത്യ ഇലക്ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് ദാസ് ഏജന്‍സി എന്നിവരായിരുന്നു എതിര്‍കക്ഷിക്കാര്‍. 2018ലാണ്  പരാതിക്കാരന്‍ പാലക്കാട്ടെ സ്വകാര്യ ഏജന്‍സിയില്‍ നിന്ന് 55,000 രൂപക്ക് ഫ്രിഡ്ജ് വാങ്ങിയത്. ഒരുവര്‍ഷത്തിനകം തന്നെ ഭാഗികമായി പ്രവര്‍ത്തനം നിലച്ച ഫ്രിഡ്ജ്  ഒരുവര്‍ഷവും മൂന്ന് മാസവും ആയപ്പോള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി. വാറന്റി പീരിയഡ് അവസാനിച്ചു എന്ന കാരണംപറഞ്ഞ് ഫ്രിഡ്ജ് റിപ്പയര്‍ ചെയ്യുന്നതിന് മതിയായ സര്‍വ്വീസ് ചാര്‍ജും  കമ്പനി ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരന്‍ ജില്ലാ കണ്‍സ്യൂമര്‍ ഫോറത്തെ സമീപിച്ചത്. കണ്‍സ്യൂമര്‍ ഫോറം വിശദമായി വാദം കേള്‍ക്കുകയും പരാതിക്കാരന്റെ വാദങ്ങള്‍ അംഗീകരിച്ച് അനുകൂലവിധി പുറപ്പെടുവിക്കുകയുമായിരുന്നു. പരാതിക്കാരനുവേണ്ടി അഡ്വ. സി.പി. പ്രമോദ് ഹാജരായി.
Previous Post Next Post

نموذج الاتصال