കുമരംപുത്തൂർ ചുങ്കം പന്നിക്കോട്ടിരി വിഷ്ണു അമ്പലത്തിന് സമീപത്ത് നിന്ന് ചെറുകര കോളനി, കല്യാണക്കാപ്പ് എന്നിവിടങ്ങളിലേക്കുള്ള പഞ്ചായത്ത് പാത തിരിയുന്ന കവലയിൽ ഹൈ മാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്നു. ദേശീയ പാതയോരത്ത് ഒരു വഴിവിളക്ക് ഉണ്ടെങ്കിലും അത് വെളിച്ചക്കുറവ് ഉള്ളതും പര്യാപ്തവുമല്ലന്നാണ് നാട്ടുകാർ പറയുന്നത്. ഈ പാത നിരവധിയാളുകളാണ് ആശ്രയിക്കുന്നത്. രാത്രിയിലും ദേശീയപാത മുറിച്ച് കടന്ന് പോകേണ്ട ആവശ്യമുള്ളവർ നിരവധിയാണ്. ദേശീയപാതയിലൂടെ അമിതവേഗതയിൽ ഇറക്കമിറങ്ങി വരുന്ന വാഹനങ്ങൾക്ക്, പ്രത്യേകിച്ച് എതിർദിശയിൽ വരുന്ന വാഹനങ്ങളുടെ ശക്തമായ വെളിച്ചം കൂടിയാവുമ്പോൾ, കവലയിലെ ആളുകളെയോ വസ്തുക്കളേയോ ആ വെളിച്ചത്തിൽ കാണുക ദുഷ്കരമാണ്. ഇവിടെ ഇഴജന്തുക്കളുടെ സാന്നിദ്ധ്യവും സജീവമാണ്. ആയതിനാൽ, ഇവിടെ ഒരു ഹൈ മാസ്റ്റ് വിളക്ക് സ്ഥാപിക്കുവാൻ സത്വരനടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് സ്ഥലത്തെ താമസക്കാരനും എസ്ബിഐ മുൻ അസ്സിസ്റ്റന്റ്റ് ജനറൽ മാനേജരും പ്രമുഖ സാമ്പത്തിക നിരീക്ഷകനുമായ പി ഡി ശങ്കരനാരായണൻ മണ്ണാർക്കാട് എംഎൽഎ എൻ.ഷംസുദ്ദീന് കത്തയച്ചു.