മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിന്റെ സാമൂഹ്യക്ഷേമ പദ്ധതിയിൽപ്പെട്ട എം.ഇ.എസ് മെഡിക്കൽ സെന്റർ കല്ലടി കോളേജിന് സമീപത്തുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ സെന്ററിന്റെ ഉദ്ഘാടനം എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസൽ ഗഫൂർ നിർവ്വഹിച്ചു. ആരോഗ്യ മേഖലയിൽ ചികിത്സ തേടുമ്പോൾ പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങളിൽ പൊതുജനങ്ങൾ ജ്ഞാനം നേടണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസൽ ഗഫൂർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രോഗം വന്നാൽ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുക എന്നതാണ് ഏറ്റവും അഭികാമ്യം. അത്തരം ആരോഗ്യ കേന്ദ്രങ്ങളാണ് എം.ഇ.എസ് വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം തുടർന്നു. കല്ലടി കോളേജ് ചെയർമാൻ കെ.സി. കെ. സയ്യിദ് അലി ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചു
കോളേജിന് എതിർവശത്ത് ആരംഭിച്ച പുതിയ എം.ഇ.എസ് മെഡിക്കൽ സെന്റർ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിന്റെ സബ് സെന്റർ കൂടിയാണ്. എം.ഇ.എസ് സ്പർശം പദ്ധതിയിലെ സൗജന്യ ഓപ്പറേഷൻ, ആംബുലൻസ് സേവനം, വ്യത്യസ്ത ദിനങ്ങളിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം മരുന്നുകൾക്ക് പത്ത് ശതമാനം ഇളവുകൾ തുടങ്ങി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിന്റെ വിവിധ പദ്ധതികൾ മണ്ണാർക്കാട്ടെ പുതിയ മെഡിക്കൽ സെന്ററിൽ ലഭ്യമാക്കുമെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഹമീദ്ഫസൽ പറഞ്ഞു.
ഫാർമസി ലാബ് ഉദ്ഘാടനം മണ്ണാർക്കാട് നഗരസഭ ചെയർമാൻ സി.മുഹമ്മദ് ബഷീർ നിർവഹിച്ചു. ഒ.പി. സെൻറ്റർ മണ്ണാർക്കാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു.
ലബോറട്ടറിയുടെ ഉദ്ഘാടനം കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുസ്തഫ വറോടൻ,
എം.ഇ.എസ് ജില്ലാ സെക്രട്ടറി സൈദ് താജുദ്ദീൻ , ട്രഷറർ കെ.പി.അക്ബർ, നഗരസഭാ കൗൺസിലർ ഷറഫുന്നീസ സൈദ്, ഷെറിൻ അബ്ദുല്ല, റംല മണ്ണയത്ത്, കല്ലടി കോളേജ് പ്രിൻസിപ്പൽ ഡോ.സി.രാജേഷ്, ഡോ.ടി.ഷാബിത എന്നിവർ സംസാരിച്ചു. മെഡിക്കൽ സെന്റർ സെക്രട്ടറി സി.പി.ശിഹാബുദ്ദീൻ സ്വാഗതവും ട്രഷറർ സി.ടി.സൈതലവി നന്ദിയും പറഞ്ഞു.