മണ്ണാർക്കാട്: കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോളേജിനടുത്തുള്ള കടകളിൽ നടന്ന മോഷണം എല്ലാവരും വാർത്താ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. മണ്ണാർക്കാട് പോലീസ് വളരെ ഗൗരവതരമായി തന്നെയാണ് ഈ സംഭവം എടുത്തിട്ടുള്ളത്, മികച്ച രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നതും. പെട്ടെന്ന് തന്നെ മോഷ്ടാക്കളെ പിടികൂടും എന്നത് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ.
അന്നേ ദിവസം അബ്ദു റഹിമാന്റെ രണ്ട് കടകളിലാണ് (ഒസ്ലം ഹോട്ടൽ, മിലോ ബേക്കറി) മോഷണം നടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോൾ പൂട്ട് കണ്ടില്ല, തുടർന്ന് ഷട്ടർ തുറന്ന് അകത്തെ ഷെൽഫ് നോക്കിയപ്പോൾ അതും തകർത്ത നിലയിലായിരുന്നു. ആ കാഴ്ച അദ്ധേഹത്തിനേൽപ്പിച്ച ഷോക്ക് ചെറുതായിരുന്നില്ല, തളർന്ന് പോയ അദ്ധേഹത്തെ കൂടെ തന്നെയുണ്ടായിരുന്ന ഭാര്യയും മകനുമാണ് സമാശ്വസിപ്പിച്ചത്. നഷ്ടപ്പെട്ട സംഖ്യയേക്കാൾ തന്റെ സ്വപ്നങ്ങളുടെ ചിറകറ്റ് പോകുമോ എന്ന ഭീതിയാണ് കുറച്ച് സമയത്തേങ്കിലും അദ്ധേഹത്തെ തളർത്തിയത്. 35 വർഷമായി ഹോട്ടൽ രംഗത്ത് ജോലിക്കാരനായും, തുടർന്ന് നടത്തിപ്പുകാരനായും പ്രവർത്തന പരിചയമുണ്ട് അബ്ദു റഹിമാന്. പത്ത് വർഷത്തോളം ബ്രൂണയിലും അദ്ധേഹം വർക്ക് ചെയ്തിട്ടുണ്ട്. സാമ്പത്തികമായി മെച്ചപ്പെടണം എന്നതിനേക്കാൾ അബ്ദു റഹിമാൻ എന്നും ആഗ്രഹിച്ചത് തന്നോടൊപ്പമുള്ളവർ സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് കരകയറമെന്നതായിരുന്നു. ആശുപത്രി കേസ് പറഞ്ഞും, സാമ്പത്തിക പ്രയാസങ്ങൾ നിരത്തിയും ആ നന്മ മനസ്സ് പലപ്പോഴും മറ്റുള്ളവരാൽ പറ്റിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവരെ ശപിച്ച് കൊണ്ട് ഒരു വാക്ക് പോലും അദ്ധേഹത്തിന്റെ വായിൽ നിന്നും വീണിട്ടില്ല, മറിച്ച് അവരാ പ്രതിസന്ധിയിൽ നിന്ന് മറി കടന്നാൽ എന്റെ അടുക്കലേക്ക് വരും എന്ന് ചിന്തിക്കുവാനാണ് അബ്ദു റഹിമാന് ഇന്നും ഇഷ്ടം. കോളേജിനടുത്ത് ഒസ്ലം ഹോട്ടൽ തുടങ്ങിയ ശേഷം ഒട്ടനവധി പേരാണ് അദ്ധേഹത്തിന്റെ സ്നേഹത്തിന്റെ രുചിയറിഞ്ഞത്. വിശന്ന് തന്റെ മുന്നിലെത്തിയ അശരണർക്കും സ്നേഹം കലർന്ന സ്വാദിഷ്ടമായ ഭക്ഷണം വിളമ്പിയിട്ടുള്ള മനുഷ്യ സ്നേഹിയാണ് അബ്ദു റഹിമാൻ. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്നതിനോടൊപ്പം ആരുടേയും കീശ ചോരാത്ത വിധത്തിലാണ് വിലനിലവാരം ക്രമീകരിച്ചിരിക്കുന്നത്. തന്റെ ചുറ്റുമുള്ളവരെ എന്നും സഹായിച്ചു പോന്ന അബ്ദു റഹിമാൻ ഒരിക്കലും അമിത ലാഭം പ്രതീക്ഷിച്ചു കൊണ്ട് കച്ചവടം നടത്തിയിട്ടില്ല. കള്ളനറിയുന്നുണ്ടാവില്ല ആ വലിയ മനുഷ്യൻ അനുഭവിക്കുന്ന ആത്മസംഘർഷം, ഇങ്ങനെയുള്ളവരുടെ കടകൾ കുത്തിതുറക്കുമ്പോൾ മോഷ്ടാവേ നിനക്ക് ലഭിക്കുന്നത് നിമിഷങ്ങളുടെ സുഖം മാത്രമായിരിക്കും, പക്ഷേ അത് കാരണം ആ കട എന്നന്നേക്കുമായി നിന്ന് പോയാൽ അത് കൊണ്ടുള്ള പ്രയാസം അനുഭവിക്കുന്നത് ഒരു പ്രദേശമൊന്നാകെയാണ്. അവരുടെ ശാപം നിന്റെ തുടർന്ന് വരുന്ന തലമുറകളും അനുഭവിക്കുമെന്നതിൽ തർക്കമില്ല