മണ്ണാര്‍ക്കാട്: മാരക മയക്കുമരുന്നായ 21.45 ഗ്രാം മെത്താഫെറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെ പിടിയിലായി. ഇയാളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് വാങ്ങാനായി സമീപിച്ച ആളേയും പൊലിസ് അറസ്റ്റു ചെയ്തു. അരയങ്കോട് സ്വദേശി വട്ടപറമ്പില്‍ സുഹൈല്‍ (27), നായാടിക്കുന്ന് സ്വദേശി ചേലക്കാട്ടുതൊടി മുഹമ്മദ് അനസ് (22) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. നെല്ലിപ്പുഴ പഴയ പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ നില്‍ക്കുകയായിരുന്ന സുഹൈലിനെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ആവശ്യക്കാരനെ കാത്ത് നില്‍ക്കുകയായിരുന്നു യുവാവെന്ന് പൊലിസ് പറഞ്ഞു. പ്രതിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആവശ്യക്കാരന്‍ നായാടിക്കുന്ന് സ്വദേശിയാണെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെയും അറസ്റ്റ് ചെയ്തത്. ലഹരി കടത്ത് തടയുന്നതിനുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദിന്റെ നിര്‍ദേശാനുസരണമാണ് മണ്ണാര്‍ക്കാട് പൊലിസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നെല്ലിപ്പുഴയില്‍ പരിശോധന നടത്തിയത്. ബാംഗ്ലൂരില്‍ നിന്നാണ് പ്രതി ലഹരി മരുന്ന് എത്തിച്ചതെന്ന് പൊലിസ് പറഞ്ഞു. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി വി.എ.കൃഷ്ണദാസ്, പാലക്കാട് നര്‍ക്കോട്ടിക്‌സെല്‍ ഡി.വൈ.എസ്.പി ആര്‍.മനോജ് എന്നിവരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേക്, ലഹരി വിരുദ്ധ സ്‌ക്വാഡ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച്.ഹര്‍ഷാദ്, പൊലിസുകാരായ വിനോദ്, വിഷ്ണു, റഷീദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം രണ്ടര ഗ്രാം മെത്താഫെറ്റമിനുമായി കണ്ടമംഗലം സ്വദേശിയെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തിരുന്നു.