മണ്ണാർക്കാട്∙ കൺമുന്നിൽ നടന്ന ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തനാവാതെ പിതാവ്. മണ്ണാർക്കാടിന് ഷോക്കായി സഹോദരങ്ങളുടെ വേർപാട്. ഓണം ആഘോഷങ്ങളുടെ ഭാഗമായി സ്വന്തം വീട്ടിൽ ഒത്തുകൂടിയ സഹോദരങ്ങൾക്കാണ് അപകടം പിണഞ്ഞത്. ഭീമനാട് അക്കര വീട്ടിൽ റഷീദിന്റെ മക്കളായ നിഷീദ അസ്ന (26), റമീഷ ഷഹനാസ് (23), റിഷാന അൽതാജ് (18) എന്നിവരാണ് മരിച്ചത്. പിതാവിനൊപ്പം തുണി അലക്കുന്നതിനായും കുളിക്കുന്നതിനുമായാണ് മൂന്നു പെൺമക്കളും കോട്ടോപ്പാടത്ത് കുളത്തിലെത്തിയത്. നിഷീദയും, റമീഷയും ഭർതൃവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിൽ വിരുന്നെത്തിയതായിരുന്നു. കുളം കാണണമെന്ന നിഷീദയുടെ മക്കളുടെ ആഗ്രഹപ്രകാരം കൂടിയായിരുന്നു തുണിയലക്കുന്നതിനും മറ്റുമായി പത്തങ്ങത്തുള്ള പെരുങ്കുളത്തിലെത്തിയത്.
കുളത്തിലിറങ്ങുന്നതിനിടെ റിഷാന കുളത്തിലേക്കു തെന്നി വീണപ്പോൾ ബാക്കിയുള്ളവർ രക്ഷിക്കാൻ ശ്രമിക്കവേയായിരുന്നു അപകടം. മക്കൾ കൺമുന്നിൽ മുങ്ങിപ്പോകുന്നതുകണ്ട് ഞെട്ടിപ്പോയ പിതാവിന്റെ ശബ്ദം പുറത്തുവന്നില്ല. ശബ്ദിക്കാനാകാതെ മക്കളെ രക്ഷിക്കാനുള്ള പിതാവിന്റെ വെപ്രാളം കണ്ടു സമീപത്തുകൂടെ പോയ അതിഥിത്തൊഴിലാളികളാണ് അപകടം ആദ്യം അറിയുന്നത്. ഇവർ പറഞ്ഞതനുസരിച്ചായിരുന്നു രക്ഷാപ്രവർത്തനം. മൂവരേയും വളരെ വേഗത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒന്നരയേക്കറോളമുള്ള കുളത്തിലായിരുന്നു അപകടം. സംസ്ക്കാര ചടങ്ങുകൾ നാളെ ഉച്ചക്ക് ശേഷം നടക്കും.