മലപ്പുറം ∙ ഓട്ടോറിക്ഷ മോഷ്ടിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മണ്ണാർക്കാട് വാഴമ്പുറം സ്വദേശി സന്ദീപ്കുമാറിനെയാണ് (27) പാലക്കാട് പൊലീസിന്റെ സഹായത്തോടെ മലപ്പുറം ഇൻസ്പെക്ടർ ജോബി തോമസ്, എസ്ഐ വി.ജിഷിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കഴിഞ്ഞ ജൂൺ 12ന് രാവിലെയാണ് മലപ്പുറം എയുപി സ്കൂളിൽ സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പ്രതി മോഷ്ടിച്ചത്. ഒട്ടേറെ വാഹനങ്ങളും വാഹനങ്ങളിലെ ബാറ്ററികളും മോഷ്ടിച്ച കേസുകളിലെ പ്രതിയാണ് സന്ദീപ്കുമാറെന്ന് പൊലീസ് പറഞ്ഞു. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷാജു, ഐ.കെ.ദിനേശ്, ആർ.ഷഹേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.