കല്ലടിക്കോട്: ദേശീയപാതയിൽ രണ്ടിടങ്ങളിൽ വാഹനാപകടം, ആർക്കും ഗുരുതര പരിക്കില്ല എന്നതാണ് സമാശ്വാസം. തുപ്പനാട് പുതിയപാലത്തിന് സമീപത്തും, താഴെ പാനയംപാടം വളവിലും വെള്ളിയാഴ്‌ച രാവിലേയും, ഉച്ചക്കുമാണ് അപകടങ്ങൾ സംഭവിച്ചത്.
സിമന്റ് ലോഡിറക്കി വരികയായിരുന്ന കണ്ടൈനർ ലോറിയാണ് വെള്ളിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. ഏഴ് മണിയോടെയാണ് സംഭവം. കാസർകോടുനിന്നും തമിഴ്‍നാട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടത്തിൽപ്പെട്ടത്. തുപ്പനാട് പാലത്തിന് സമീപത്തുള്ള വലിയവളവിൽ നിയന്ത്രണം വിട്ട് സമീപത്തെ വീടിനോട് ചേർന്നു ലോറി മറിയുകയായിരുന്നു. ഇടയത്തുപറമ്പിൽ മുഹമ്മദ് ഷെരീഫിന്റെ വീടിനു സമീപത്തേക്കാണ് മറിഞ്ഞത് ഈ സമയം വീട്ടിൽ ആളുകളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. ഡ്രൈവർ കന്നിമൂർത്തി മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഉച്ചയ്ക്ക് 2.30ന് പനയമ്പാടത്ത് കാർ നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ച് അപകടമുണ്ടായി. മണ്ണാർക്കാട് നിന്നും മുണ്ടൂർ വേലിക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അജ്‌മൽ, സുഹൈൽ എന്നീ രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവസമയത്ത് ചെറിയ മഴ ഉണ്ടായിരുന്നു. വാഹനം റോഡിൽനിന്നും തെന്നിയെന്ന് യാത്രക്കാർ പറഞ്ഞു.