ചാണ്ടി ഉമ്മന്റെ ലീഡ് ഇതുവരെ : 36,454
ഇതുവരെ ലഭിച്ച വോട്ടിന്റെ കണക്ക്
ചാണ്ടി ഉമ്മൻ (കോൺ): 78098
ജെയ്ക്ക് സി തോമസ് (സിപിഎം): 41,644
ലിജിൻ ലാൽ (ബിജെപി): 6447
കോട്ടയം: എൽഡിഎഫിനെ അപ്രസക്തമാക്കി വൻ ഭൂരിപക്ഷത്തിലേക്ക് ചാണ്ടി ഉമ്മൻ കുതിക്കുന്നുവെന്നാണ് ആദ്യ റൗണ്ട് ഫലസൂചനകൾ വ്യക്തമാക്കുന്നത്. 2016-ൽ ഉമ്മൻ ചാണ്ടി നേടിയ, മണ്ഡലത്തിലെ തന്നെ ഏറ്റവും ഉയർന്ന റെക്കോർഡ് ഭൂരിപക്ഷമായ 33,000 വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി മറികടക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ ലീഡ് നിലനിർത്തി യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ആദ്യ ഫലസൂചനയിൽ തന്നെ ചാണ്ടി ഉമ്മൻ മുന്നിലായിരുന്നു.
പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പുതിയ നായകൻ ആരെന്ന് അറിയാനുള്ള വോട്ടെണ്ണൽ കോട്ടയം ബസേലിയസ് കോളജിലെ കേന്ദ്രത്തിലാണ് നടക്കുന്നത്.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാർഥികളാണ് മത്സരിച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർഥി. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ ആണ്.
ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി മകൻ ചാണ്ടി ഉമ്മനോ അതോ രണ്ട് തവണ അദ്ദേഹത്തോട് പരാജയപ്പെട്ട ജെയ്ക് സി. തോമസോ വരുമോയെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ആകെയുള്ള 2456 പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന്റെ ലീഡ് 1000 കടന്നിരുന്നു. ആകെ പോൾ ചെയ്ത 2491 അസന്നിഹിതരുടെ വോട്ടുകളിൽ 151 വോട്ടിന്റെ ലീഡും ചാണ്ടി നേടി. ഇതിനുപിന്നാലെ വോട്ടിങ് മെഷീനിലെ വോട്ട് എണ്ണിത്തുടങ്ങിയപ്പോഴേക്കും ലീഡ്നില 2000 കടന്ന് കുതിച്ചു. ആദ്യം എണ്ണിയ അയർക്കുന്നത്തും ജെയ്ക്ക് ഏറെ പിന്നിലായി. രണ്ടാം റൗണ്ടിലേക്ക് കടക്കുമ്പോഴേക്കും വിജയം ഉറപ്പിച്ച യുഡിഎഫ്, ലീഡ് 5000-ന് മുകളിലേക്ക് ഉയർത്തി.