കല്ലടിക്കോട്: പാട്ടുപാടുന്നതിനിടെ കരോക്കെ ചൈനീസ് മൈക്ക് പൊട്ടിത്തെറിച്ച് ആറ് വയസ്സുകാരിക്ക് പരിക്ക്. കല്ലടിക്കോട് സ്വദേശി ഫിൻസ ഐറിനാണ് ഞായറാഴ്ച കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റത്.
'പാറിപ്പറക്കും പൂത്തുമ്പി'ക്ക് അകമ്പടിയായിരുന്ന മൈക്ക് പൊട്ടിത്തെറിച്ചത് നിമിഷ നേരം കൊണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് കൊണ്ട് ഉപയോഗിക്കുന്നതില്‍ കാണിക്കുന്ന അലസ മനോഭാവം മുന്നോട്ട് വക്കുന്നത് വലിയ അപകടങ്ങളാണെന്ന് ഇങ്ങനെയുള്ള ഓരോ സംഭവങ്ങളും വിളിച്ചു പറഞ്ഞ് കൊണ്ടേയിരിക്കുന്നു. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ച് വലിയ അപകടങ്ങള്‍ ഇതിന് മുന്‍പ് സംസ്ഥാനത്തുണ്ടായിട്ടുണ്ട്. കല്ലടിക്കോട് 6 വയസുകാരിക്ക് പരിക്കേറ്റതും ഇത്തരമൊരു അശ്രദ്ധയുടെ ഫലമായാണ്.
കുട്ടിയുടെ പരിക്ക് ഗൗരവമുള്ളതല്ല. ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന കരോക്കെ മൈക്ക് ഉപയോഗിച്ച് കുട്ടി പാട്ടുപാടുന്ന ദൃശ്യങ്ങളും പെട്ടന്ന് കരോക്കെ നിലയ്ക്കുന്നതും പിന്നാലെ പൊട്ടിത്തെറിക്കുന്നതുമാണ് പുറത്ത് വന്ന ദൃശ്യങ്ങളിലുള്ളത്.
പാട്ടുപാടിക്കൊണ്ടിരിക്കുമ്പോ മൈക്ക് സ്റ്റക്കായി. പിടിക്കാന്‍ നോക്കുമ്പോഴേയ്ക്കും മൈക്ക് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് ഫിന്‍സയുടെ പിതാവ് ഫിറോസ് ബാബു പറഞ്ഞു. കുട്ടി ഭയന്നു പോയി, ആഘാതത്തിൽ നിലത്തും വീണു. കുഞ്ഞിന്റെ മുഖത്ത് മൈക്ക് പൊട്ടി കറുത്ത പൊടിയായിരുന്നു. ചുണ്ട് പൊട്ടി ചോര വന്നു. ഭീകരമായ അവസ്ഥയായിരുന്നെന്ന് പിതാവ് പറഞ്ഞു നിലവാരം കുറഞ്ഞ ഉപകരണം ആയിരുന്നു. ഇതിന് പുറമേ തനിക്ക് പറ്റിയ അബദ്ധം എന്താണെന്ന് വച്ചാല്‍ ചാര്‍ജിന് ഇട്ട് ഉപയോഗിക്കുകയായിരുന്നു. ഇങ്ങനത്തെ ഒന്ന് വാങ്ങാനേ പാടില്ലാരുന്നു. കുറച്ച് കൂടി ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നെന്നും അദ്ധേഹം കൂട്ടിചേർത്തു. പൊട്ടിത്തെറിയില്‍ ഭയന്നെങ്കിലും സംഭവത്തേക്കുറിച്ച് ആറുവയസുകാരിയുടെ പ്രതികരണം ഇപ്രകാരമാണ്. കരോക്കെ മൈക്കില് പാടിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്ന് പൊട്ടിത്തെറിച്ച്. മുഖത്തൊക്കെ കറുപ്പ് നിറമായി. ചുണ്ട് പൊട്ടി ചോരയായി. തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തമാണെന്ന് മനസ്സിലാക്കാനുള്ള പക്വത ആയിട്ടില്ലെങ്കിലും സംഭവിച്ചതിന്‍റെ ആഘാതത്തില്‍ നിന്ന് പതിയെ പുറത്ത് വന്നിട്ടുണ്ട് ഈ 6 വയസുകാരി. ഓണ്‍ലൈനില്‍ വാങ്ങിയ 600 രൂപ വിലയുളള മൈക്കാണ് പൊട്ടിത്തെറിച്ചത്.