തിരുവനന്തപുരം: അട്ടപ്പാടിയിലെയും, മണ്ണാർക്കാട്ടെ മറ്റു പ്രദേശങ്ങളിലേക്കും മണ്ണാർക്കാട് കെഎസ്ആർടി സി ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന കാലപ്പഴക്കംചെന്ന ഓർഡിനറി ബസ്സുകൾ ഒഴിവാക്കി പുതിയ ബസ്സുകൾ അനുവദിക്കണമെന്ന് എൻ ഷംസുദ്ദീൻ എംഎൽഎ ആവശ്യപ്പെട്ടു. നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അട്ടപ്പാടി ചുരം വഴി ധാരാളം വിദ്യാർഥികളും സാധാരണക്കാരായ ജനങ്ങളും കെഎസ്ആർടിസി സർവീസുകളെ ആശ്രയിച്ച് യാത്ര ചെയ്യുന്നുണ്ട്. വളരെയധികം കാല പഴക്കം ചെന്ന ബസ്സുകൾ ആണ് ഇതുവഴി സർവീസ് നടത്തുന്നത് എന്നും ഇത് വളരെ അപകട സാധ്യത വർധിപ്പിക്കുന്നു എന്നും എംഎൽഎ പറഞ്ഞു. മണ്ണാർക്കാട്ടെ മറ്റു പ്രദേശങ്ങളിലേക്ക് സർവീസ് നടത്തിവരുന്ന ബസ്സുകളും കാലപ്പഴക്കം ചെന്നവയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടി.
കൂടാതെ ഇവിടെ നിന്നും സർവീസ് നടത്തിയിരുന്ന ദീർഘദൂര സർവീസുകൾ കോവിഡിന് ശേഷം നിർത്തലാക്കിയിരിക്കുകയാണ്. ഇത് പുനരാരംഭിക്കുവാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ സബ്മിഷനിലൂടെ ഉന്നയിക്കുകയുണ്ടായി.
സാധ്യത പഠനം നടത്തി റിപ്പോർട്ട് പരിശോധിച്ചു തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മറുപടിയിൽ ഉറപ്പ് നൽകി.