മണ്ണാർക്കാട്: കോളേജ് പരിസരത്തെ ബേക്കറി, പലചരക്കുകട, ഹോട്ടൽ എന്നിവിടങ്ങളിലും, ചുങ്കത്തെ ലോട്ടറിക്കടയിലും കയറി ബംബർ ടിക്കറ്റുകളും, പണവും കവർന്ന കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. നെന്മാറ അയിലൂർ പൂളക്കൽപ്പറമ്പ് വീട്ടിൽ ജലീലാണ് (35) മണ്ണാർക്കാട് പോലീസിന്റെ പിടിയിലായത്. കണ്ണൂർ സ്വദേശിയായ ഇയാളുടെ കൂട്ടാളിയെ പിടികൂടാനായിട്ടില്ല. മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഞായറാഴ്ച രാത്രി ഒലവക്കോട്ടുനിന്നാണ് പ്രതിയെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിൽ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബർ 20ന് പുലർച്ചെയാണ് കുമരംപുത്തൂർ എ.യു.പി. സ്കൂളിനുമുന്നിലുള്ള കുരിക്കൻതൊടി വീട്ടിൽ പുഷ്പലതയുടെ ലോട്ടറിക്കടയിൽ പ്രതികൾ മോഷണം നടത്തിയത്. ആവശ്യക്കാർ പറഞ്ഞുറപ്പിച്ചപ്രകാരം മാറ്റിവെച്ച മൂന്ന് ബമ്പർ ലോട്ടറികളും കടയിലുണ്ടായിരുന്ന 3,000 രൂപയുമാണ് പ്രതികൾ കവർന്നത്. മോഷ്ടിക്കപ്പെട്ട ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിരുന്നില്ല.
ലോട്ടറിക്കടയിലെ മോഷണത്തിനുശേഷം കോളേജ് പരിസരത്തെ മറ്റു വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തി. മോഷ്ടിച്ച ബൈക്കുമായി മണ്ണാർക്കാട്ടെത്തിയ ഇവർ അലനല്ലൂർവരെ കറങ്ങിയശേഷം മടങ്ങിയെത്തിയാണ് കവർച്ച നടത്തിയത്. ബേക്കറിയിലുള്ള സി.സി.ടി.വി. ക്യാമറ പരിശോധിച്ചതിൽനിന്നാണ് പ്രതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഓടിച്ചിരുന്ന ബൈക്ക് വടക്കഞ്ചേരിയിൽനിന്ന് മോഷ്ടിച്ചതാണെന്നാണ് പ്രതി പോലീസിനോട് വ്യക്തമാക്കി.
മോഷണം നടന്ന വ്യാപാര സ്ഥാപനങ്ങളിൽ പ്രതിയുമായെത്തി പോലീസ് തെളിവെടുത്തു. ബൈക്കിൽനിന്നുവീണ് ജലീലിന് ചെറിയ പരിക്കേറ്റിട്ടുണ്ട്.
മണ്ണാർക്കാട് ഡിവൈ.എസ്.പി. വി.എ. കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡംഗങ്ങളായ എസ്.ഐ. വി. വിവേക്, എ.എസ്.ഐ. ശ്യാംകുമാർ, പോലീസുകാരായ വിനോദ്കുമാർ, ഗിരീഷ്, സാജിദ്, രാജീവ്, ദാമോദരൻ, പി.കെ. റംഷാദ് എന്നിവരടങ്ങളുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി