മണ്ണാർക്കാട്: നാട്ടിൽ എവിടെ അപകടം സംഭവിച്ചാലും ഓടിയെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി പ്രശംസ നേടിയ ഷമീർ കരിമ്പ കാശ്മീരിലെ കർഷകരെയും പരിശീലിപ്പിച്ച് കാശ്മീർ കൃഷിവകുപ്പിന്റെ കൈയ്യടിയും ആദരവും നേടി.
അക്രൂട്ട് മരങ്ങളിലെ വിളവെടുപ്പ് സമയം മരം കയറി ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അപകട മരണങ്ങൾ പതിവായിരുന്നു. അത് ഇല്ലാതാക്കാൻ കർഷകർക്കും വിളവെടുപ്പ്കാർക്കും അപകടരഹിത മരം കയറ്റമാണ് ഷമീർ പരിശീലിപ്പിച്ചത്. സെപ്തംബർ 1 മുതൽ 9 വരെയായിരുന്നു പരീശീലനം. അഞ്ഞൂറിലധികം പേർക്കാണ് ഷമീർ പരിശീലനം നൽകിയത്. ഇതിലൂടെ കാശ്മീരിൽ താരമായി മാറിയിരിക്കുകയാണ് ഈ കരിമ്പക്കാരൻ. ഷമീറിന്റെ ഇന്റർവ്യൂവിനായി കാശ്മീരി മാധ്യമങ്ങൾ മൽസരിക്കുകയായിരുന്നു.
ഈ സേവനത്തിന് കാശ്മീരിലെ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും ഉൾപ്പെടെ നിരവധി പേരാണ് ഷമീറിനെ അനുമോദിച്ചത്. ഇതിന് പുറമേ പ്രത്യേക ക്ഷണപ്രകാരം വിദ്യാലയങ്ങളിൽ പോയി വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സുകളും എടുത്തു.
മരം കയറ്റത്തിനും കിണറിലും ഉപയോഗിക്കുന്നതിന് ഷമീർ തന്നെ രൂപകൽപന ചെയ്ത കരിമ്പ കൊളുത്ത് പ്രശസ്തമാണ്. അത്തരത്തിൽ ഉപകരണങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ മരം കയറിയിറങ്ങുന്ന വീഡിയോ ഫെയ്സ്ബുക്കിൽ കണ്ട മുംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാം ഇന്നവേഷൻ എന്ന സ്ഥാപനമാണ് ഷമീറിനെ കുടുംബസമേതം കാശ്മീരിലേക്ക് ക്ഷണിച്ചത്.
ഷമീർകരിമ്പയുടെ ജീവിതം കഠിനാദ്ധ്വാനത്തിന്റെ ചരിത്രമാണ്. ചെറുപ്പമുതൽ രാജ്യം കറങ്ങി ഉപജീവനത്തിന് വേണ്ടി തൊഴിലെടുത്ത് തുടങ്ങിയ പരിശ്രമം ഇന്ന് രാജ്യം മുഴുവൻ ആദരിക്കപ്പെടുന്ന അവസ്ഥയിലേക്കുയർന്നു.
കുടുംബം പോറ്റാൻ ഇപ്പോഴും തൊഴിലെടുത്ത് ജീവിക്കുന്ന ഷമീർകരിമ്പ ഇന്ത്യൻ ആർമി, കേരള പോലീസ്, ഫയർ ആൻറ് റെസ്ക്യു, വനം വകുപ്പ് തുടങ്ങിയ സേനക്കൊപ്പം നിരവധി രക്ഷാപ്രവർത്തനങ്ങളിലും മറ്റ് സന്നദ്ധ പ്രവർത്തനങ്ങളിലും പങ്കാളിയായിട്ടുണ്ട്