മണ്ണാർക്കാട്: കുന്തിപ്പുഴയില്‍ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്ന രീതിയില്‍ മണ്ണും ചെളിയും നിറഞ്ഞു കിടക്കുന്നത് നീക്കം ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കാന്‍ തീരുമാനിച്ചു.
കൈതച്ചിറയിലെ ശ്മശാന ഭൂമി സംബന്ധിച്ച് വിശദ പരിശോധന നടത്തിയെന്നും തഹസില്‍ദാരും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും സ്ഥലം സന്ദര്‍ശിച്ച് നടപടിക്കായി സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത് അനധികൃതമായി തെങ്ങ് വെച്ചത് നീക്കുന്നതിന് നോട്ടീസ് നല്‍കാന്‍ വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു. കണ്ടമംഗലം ഭാഗത്തെ കാട്ടാനശല്യം നിയന്ത്രിക്കുന്നതിന് ഫെന്‍സിങ് കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ദിവസവും പട്രോളിങ് നടത്തുന്നുണ്ടെന്നും വനം വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു.താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താലൂക്ക് തല വികസന സമിതി യോഗത്തില്‍ എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര പങ്കെടുത്തു.