മണ്ണാർക്കാട്: ദേശീയപാതയിൽ കൊമ്പം കൊടക്കാട് ഭാഗത്ത് ലോറിയും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കൊഴിഞ്ഞാമ്പാറ, പെരുവെമ്പ് സ്വദേശികളാണ്. ഇവരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല, പ്രാഥമിക ചികിത്സക്ക് ശേഷം ഇവർ ആശുപത്രി വിട്ടു. ഇന്നലെ വൈകീട്ട് നാലരയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ, വാനിലുണ്ടായിരുന്ന മൂന്നുപേർ വാഹനത്തിനുള്ളിൽ കുടുങ്ങിപോവുകയായിരുന്നു. സംഭവസമയത്ത് മഴയുണ്ടായിരുന്നു.
അരിലോഡുമായി പെരിന്തൽമണ്ണ ഭാഗത്തേക്കുപോവുകയായിരുന്നു പിക്കപ്പ് വാനും, വൈദ്യുതിക്കാലുകൾ കയറ്റി മണ്ണാർക്കാടേക്കു വരികയായിരുന്ന ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് പിക്കപ്പ് വാൻ ദേശീയപാതയ്ക്കു കുറുകെ കിടന്നതിനാൽ ഗതാഗത തടസ്സമുണ്ടായി. അഗ്നിരക്ഷാസേന വാഹനംനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു