ചാർജിങ്ങിനിടെ മൊബൈൽഫോൺ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തി നശിച്ചു

പ്രതീകാത്മക ചിത്രം

ചിറ്റൂർ:  കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വച്ച മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുണ്ടായ തീ പിടുത്തത്തിൽ വീട്ടുപകരണങ്ങൾ കത്തി നശിച്ചു. പൊൽപ്പുള്ളി വേർകോലി ബി.ഷാജുവിന്റെ (40) വീട്ടിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് സംഭവം . ദിവസങ്ങൾക്കു മുൻപു സുഹൃത്ത് വാങ്ങിയ മൊബൈൽ ഫോൺ ഷാജുവിന് ഉപയോഗിക്കാൻ കൊടുത്തിരുന്നു. ഒരുതവണ മുഴുവനായി ചാർജ് ചെയ്ത ഫോൺ രണ്ടാംതവണ ചാർജ് ചെയ്യാൻ വച്ചപ്പോഴാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു വാതിൽ തുറന്നുനോക്കിയപ്പോഴാണു മുറിയിലാകെ തീപടർന്നതു ഷാജു കണ്ടത്.  ഉടൻതന്നെ വൈദ്യുതി കണക്‌ഷൻ വിഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. പൊട്ടിത്തെറിച്ച ഫോൺ കിടക്കയിലേക്കു വീണതോടെയാണു തീപടർന്നത്. കിടക്ക, കട്ടിൽ, ഹോം തിയറ്റർ, അലമാര, ടിവി, പഴ്സിലുണ്ടായിരുന്ന പാൻ കാർഡ്, ലൈസൻസ്, 5500 രൂപ എന്നിവ കത്തിനശിച്ചതായി ഷാജു പറഞ്ഞു. വെള്ളം പമ്പ് ചെയ്താണ് തീ അണച്ചെന്ന് ഷാജു പറഞ്ഞു.  അപകടസമയത്തു ഭാര്യയും രണ്ടു മക്കളുമുൾപ്പെടെ പുറത്തായിരുന്നതിനാൽ ആർക്കും പരുക്കില്ല. തീയണയ്ക്കുന്നതിനിടെ ഷാജുവിന്റെ മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. 2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഷാജു പറഞ്ഞു. പരാതി നൽകിയതിനെ തുടർന്ന് ചിറ്റൂർ പൊലീസെത്തി പരിശോധന നടത്തി.
Previous Post Next Post

نموذج الاتصال