മണ്ണാർക്കാട്: യു.എൽ.സി.സി. പ്രവൃത്തികൾ ഏറ്റെടുത്തതോടെ പ്രതിസന്ധിയിലായിരുന്ന ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡ് നവീകരണം നല്ല രീതിയിലാണ് പുരോഗമിക്കുന്നത്. ടാറിങ് പ്രവൃത്തികൾ ഈമാസം അവസാനത്തോടെ തുടങ്ങുമെന്നാണ് കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരിൽ നിന്ന് അറിയുന്നത്. 19 കോടിയോളം രൂപ ചെലവിട്ടാണ് എട്ടുകിലോമീറ്റർ റോഡിന്റെ നവീകരണം നടക്കുന്നത്. നിലവിൽ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണവും കട്ടകൾ വിരിക്കുന്ന പ്രവൃത്തികളുമാണ് നടക്കുന്നത്. കട്ട വിരിക്കുന്ന തൊഴിലാളികളുടെ കുറവ് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കൈവരികളോടു കൂടിയ നടപ്പാതകളും ഇവിടെ സ്ഥാപിക്കും.
മെയ് മാസത്തോടെ നവീകരണം പൂർത്തിയാക്കുമെന്നാണ് കമ്പനിയുടെ ഉറപ്പ്. വർമംകോട് കനാൽപാലത്തിന് താഴെ കണ്ടെത്തിയ പാറ പൊട്ടിച്ചു നീക്കുന്ന പ്രവർത്തികൾക്കും വേഗമായി. ജനവാസ കേന്ദ്രമായതിനാൽ വളരെ ശ്രദ്ധയോടു കൂടിയാണ് ഈ പ്രവർത്തികൾ നടക്കുന്നത്. പുതിയ പാലത്തിനായി മണ്ണ് നീക്കം ചെയ്തപ്പോഴാണ് ഒരു ഭാഗത്ത് പാറ കണ്ടെത്തിയത്.