മണ്ണാര്‍ക്കാട്: നഗരസഭ പരിധിയിലെ വിവിധ വാര്‍ഡുകളില്‍നിന്നായി ശനിയാഴ്ച അഞ്ച് കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. വേട്ടയ്ക്കിടയിൽ ഓടിയ കാട്ടുപന്നിയുടെ ഇടിയേറ്റ് നഗരസഭ കൗൺസിലർമാർക്ക് പരുക്ക്. നഗരസഭ കൗൺസിലർമാരായ മാസിത സത്താർ, ഇ.കെ.യൂസഫ് ഹാജി എന്നിവർക്കാണു പരുക്കേറ്റത്.
കാട്ടുപന്നിശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് നഗരസഭയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കാഞ്ഞിരംപാടത്തുനിന്നും രണ്ട് പന്നികളെയും കൊടുവാളിക്കുണ്ട് ഭാഗത്തുനിന്നും മൂന്നെണ്ണത്തിനെയുമാണ് വെടിവെച്ചിട്ടത്. കാഞ്ഞിരംപാടം ഭാഗത്തെ കാട്ടിൽ നിന്ന് ഓടിച്ചു പുറത്തിറക്കിയ പന്നി കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ നിന്നിരുന്ന ഭാഗത്തേക്ക് ഓടിയെത്തി ഇവരെ മറിച്ചിടുകയായിരുന്നു. ഇരുവർക്കും കൈക്കും കാലിനും പരുക്കേറ്റു. നഗരസഭാ അധ്യക്ഷൻ സി.മുഹമ്മദ് ബഷീർ, സ്ഥിരസമിതി അധ്യക്ഷൻ കെ.ബാലകൃഷ്ണൻ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു. ഭാഗ്യം കൊണ്ടാണ് വലിയ പരുക്കില്ലാതെ രക്ഷപ്പെട്ടതെന്ന് മാസിത സത്താർ പറഞ്ഞു.
കിഴക്കുമ്പുറം പെരിമ്പടാരി ഭാഗത്തും തിരച്ചില്‍ നടത്തി. തുടര്‍ന്ന് ചോമേരി, പെരിഞ്ചോളം, കൊടുവാളിക്കുണ്ട് ഭാഗങ്ങളിലും സംഘമെത്തി.
കൊടുവാളിക്കുണ്ടില്‍നിന്നാണ് മൂന്ന് പന്നികളെ വെടിവെച്ചിട്ടത്. മഞ്ചേരി റൈഫിള്‍ ക്ലബ്ബിലെ ലൈസന്‍സ് ഷൂട്ടര്‍മാരും പരിശീലനംനേടിയ നായ്ക്കളും ഇവയുടെ പരിശീലകരുമടക്കം 23 പേരാണ് എത്തിയിരുന്നത്.