മണ്ണാര്‍ക്കാട്: മലയാള കഥയുടെ കുലപതിയും പ്രശസ്ത എഴുത്തുകാരനുമായ കേരളജ്യോതി ടി.പത്മനാഭന്‍, കവിയും ഗാന രചയിതാവുമായ പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, യുവ എഴുത്തുകാരി സ്നൂപ വിനോദ് എന്നിവര്‍ക്ക് ജനനി ശ്രേഷ്ഠഭാഷാ പുരസ്കാരം. പാലക്കാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വായനക്കാരുടെയും എഴുത്തുകാരുടെയും സൗഹൃദ കൂട്ടായ്മയായ 'മലയാള സാഹിത്യവേദി'യുടെ ആഭിമുഖ്യത്തിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്. ഇരുപത്തയ്യായിരം രൂപ വീതവും ഫലകവുമടങ്ങുന്ന പുരസ്കാരം ഡിസംബര്‍ ഇരുപത്തി നാലിന് വൈകീട്ട് അലനല്ലൂരില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടി സമ്മാനിക്കുമെന്ന് സ്വാഗത സംഘം ചെയര്‍മാനും പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയുമായ പി എന്‍ മോഹനന്‍ മാസ്റ്റര്‍, കണ്‍വീനര്‍ മധു അലനല്ലൂര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കലാ സാഹിത്യ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നവരെ കണ്ടെത്തി പ്രോല്‍സാഹനങ്ങള്‍ നല്‍കി ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനനി ശ്രേഷ്ഠഭാഷാ പുരസ്കാരങ്ങള്‍ നല്‍കുന്നത്.
മലയാള ഭാഷയ്ക്ക് ഇതിനകം ഒട്ടേറെ സംഭാവനകള്‍ നല്‍കുകയും സാംസ്കാരിക രംഗത്തെ മൂല്ല്യച്യുതികള്‍ക്കെതിരെ നിരന്തരം കലഹിക്കുകയും 95-ാം വയസില്‍ ഇന്നും സജീവമായി മികച്ച കഥകള്‍ എഴുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കഥയുടെ പെരുന്തച്ചനാണ് ടി പത്മനാഭന്‍. കഥകള്‍ മാത്രം എഴുതി, കഥകള്‍ക്കു വേണ്ടി ജീവിക്കുന്ന പത്മനാഭന്‍ കഥയെ കവിതയോടും ആര്‍ദ്രസംഗീതത്തോടും അടുപ്പിച്ച എഴുത്തുകാരനാണ്. പ്രകാശം പരത്തുന്ന പെണ്‍കുട്ടി, മഖന്‍സിംഗിന്‍റെ മരണം തുടങ്ങി ഗൗരി, നളിനകാന്തി, പുഴ കടന്ന് മരങ്ങളുടെ ഇടയിലേക്ക് തുടങ്ങി ഒട്ടേറെ കൃതികളുടെ കര്‍ത്താവു കൂടിയാണ് അദ്ദേഹം.
സംഗീത രംഗത്ത് അതിന്‍റെ സാഹിത്യ ഭംഗി ഉയര്‍ത്തിപ്പിടിച്ച്, കവിതയുടെ ഉദാത്തഭാവങ്ങളിലൂടെ ആസ്വാദകരെ അതിശയിപ്പിച്ച അവിസ്മരണീയ ഗാനങ്ങള്‍ എഴുതിയ ഗാനരചയിതാവാണ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി.
മലയാള നോവല്‍ സാഹിത്യത്തില്‍ തീര്‍ത്തും വ്യത്യസ്തമായ ആഖ്യാന ശൈലിയിലൂടെ കാവ്യാത്മകമായ ഭാഷയില്‍ ആറ്റിക്കുറുക്കി ജീവിതം പറയുന്ന നവാഗത എഴുത്തുകാരി സ്നൂപ വിനോദ് ഭാവി പ്രതീക്ഷയാണ്. ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് അവരുടെ 'അവള്‍ സുജാത'.
എ ഗോപാലകൃഷ്ണന്‍ (ചെയര്‍മാന്‍), അഡ്വ. ജോര്‍ജ് വര്‍ഗീസ് (വൈസ് ചെയര്‍മാന്‍), കഥാകൃത്തും നോവലിസ്ററുമായ അബു ഇരിങ്ങാട്ടിരി, കവിയും എഴുത്തുകാരനുമായ മധു അലനല്ലൂര്‍, കഥാകൃത്ത് സിബിന്‍ ഹരിദാസ് എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി, കവി മധു അലനല്ലൂർ, പി.എൻ മോഹനൻ മാസ്റ്റർ, പി.ഒ.കേശവൻ മാസ്റ്റർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.