പൊന്നിൻ തിളക്കമുള്ള മനസ്സുമായി മൂന്നാം ക്ലാസുകാരി

മണ്ണാര്‍ക്കാട്: ചങ്ങലീരി എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥിനിയും,  ചങ്ങലീരി പാലക്കാഴി വീട്ടില്‍ സുധാകരന്‍- ശ്രീരേഖ ദമ്പതികളുടെ മകളുമായ ശ്രേയജയുടെ സൂക്ഷ്മതയും, കരുതലും മൂലം  ഗുരുവായൂർ സ്വദേശിനിക്ക് തിരികെ ലഭിച്ചത് നഷ്ടമായെന്ന് കരുതിയ സ്വർണ്ണവള 

ക്ഷേത്രദര്‍ശനത്തിനിടെ വീണുകിട്ടിയ സ്വര്‍ണാഭരണമാണ്  രക്ഷിതാക്കള്‍ മുഖേന ശ്രേയജ ഉടമകളെ  ഏല്‍പ്പിച്ചത്. ഗുരുവായൂർ സ്വദേശിനിയായ ആതിരയുടെ രണ്ടുപവന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്. ആതിരയുടെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് നടന്നത്. തുടര്‍ന്ന് ദര്‍ശനത്തിനായി ഭർത്താവായ രഖിലുമൊന്നിച്ച് വരിനില്‍ക്കുമ്പോഴാണ്  ആതിരക്ക് ആഭരണം നഷ്ടമായത്.  ഇതേദിവസം ശ്രേയജയുടെ വല്ല്യച്ഛന്റെ മകന്റെ വിവാഹവും ക്ഷേത്രത്തില്‍ നടന്നിരുന്നു.  ദര്‍ശനത്തിന് വരിയില്‍ നില്‍ക്കുമ്പോഴാണ് ശ്രേയജ താഴെ വീണു കിടക്കുന്ന സ്വര്‍ണവള ശ്രദ്ധിച്ചത്. അപ്പോൾ തന്നെ ഒപ്പമുണ്ടായിരുന്ന വല്ല്യമ്മയെ ഏല്‍പ്പിച്ചു. കല്ല്യാണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം ആ സമയം സ്വർണ്ണാഭരണം വിശ്വസനീയമായ എവിടെയെങ്കിലും ഏല്‍പ്പിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. വീട്ടിലെത്തിയശേഷം  ദേവസ്വം ഓഫീസില്‍ വിളിച്ച് വിവരം പറയുകയായിരുന്നു. ഈസമയം ദമ്പതികളും ദേവസ്വം ഓഫീസില്‍ ആഭരണം നഷ്ടപ്പെട്ട വിവരം ധരിപ്പിക്കാനെത്തിയിരുന്നു. തുടർന്ന്  മണ്ണാര്‍ക്കാട് സ്റ്റേഷനിലെത്തി ആഭരണം കൈപ്പറ്റാമെന്ന് ആതിരയും ബന്ധുക്കളും ഉറപ്പ് നല്‍കി.  ഇന്നലെ രാവിലെ ഇവര്‍ സ്റ്റേഷനിലെത്തി. ശ്രേയജയും  പൊറ്റശ്ശേരി ജി.എച്ച്.എസ്.എസിലെ സ്പെഷ്യല്‍ എജ്യുക്കേറ്ററുമായ മാതാവ് ശ്രീരേഖയും പോലീസ് സാനിധ്യത്തില്‍ ആഭരണം കൈമാറി. പോലീസിന്റെ അഭിനന്ദനങ്ങളും ലഭിച്ചാണ് ശ്രേയജയും അമ്മയും  മടങ്ങിയത്.

Post a Comment

Previous Post Next Post