വാർത്തകൾ വിശദമായി

കോടതിപ്പടി വീണ്ടും അപകടപ്പടി
മണ്ണാർക്കാട്: ഒരു ചെറിയ ഇടവേളക്ക് ശേഷം കോടതിപ്പടി വീണ്ടും അപകടപ്പടിയായി മാറുന്നത് കാൽനട യാത്രക്കാരെ ആശങ്കയിലാക്കുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കോടതിപ്പടി ഭാഗം സ്ഥിരം അപകടമേഖലയാണ്. 2019 മുതൽ 2021 വരെ നടന്ന അപകടങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്ന ഇടങ്ങളുടെ പേരുകളിൽ കോടതിപ്പടിയുമുണ്ട്. അപകടത്തിൽപ്പെടുന്നവരിൽ ഭൂരിപക്ഷം പേരും ഗുരുതര പരിക്കുകൾ ഇല്ലാതെ രക്ഷപ്പെടുന്നത്  ആശ്വാസകരമായ വാർത്തയാണ്, എങ്കിലും അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള പരിഹാരമാർഗങ്ങൾ ഉടനെ ഉണ്ടാകേണ്ടിയിരിക്കുന്നു. കോടതിപ്പടി കവലയിലും പൊതുമരാമത്തു വകുപ്പ് ഓഫീസിനു സമീപത്തെ ബസ് സ്റ്റോപ്പിനടുത്തുമാണു സീബ്രാലൈനുള്ളത്. കോടതിപ്പടിയിലെ ബസ് സ്റ്റോപ്പായ പെട്രോൾ പമ്പിന് സമീപം സീബ്രാലൈനില്ല. പട്ടണത്തിൽ വാഹനത്തിരക്കേറിയ സ്ഥലമാണു കോടതിപ്പടി കവല. ഗതാഗതം നിയന്ത്രിക്കാൻ പോലീസും ഹോം ഗോർഡും ഇവിടെയുണ്ട്. ദേശീയപാതയുടെ ഇരുവശം വഴി വാഹനങ്ങൾ കടന്നുപോകുകയും ചങ്ങലീരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നഗരത്തിലേക്കു പ്രവേശിക്കുകയും ചെയ്യുമ്പോഴാണു കുരുക്ക് രൂക്ഷമാകുന്നത്.
സീബ്രാലൈൻ ഇവിടെനിന്ന് 30 മീറ്റർ മാറ്റിവരയ്ക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നതും നടപ്പായിട്ടില്ല. 

ഇന്നലെ കോടതിപ്പടിയിൽ റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരിക്കു പരിക്കേറ്റു. ചങ്ങലീരി കൂമ്പാറ കുഴിയിൽപീടിക വീട്ടിൽ അബ്ദുൾ മജീദിന്റെ ഭാര്യ സീനത്തിനാണ്‌ (42) പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ദൂരേക്കു തെറിച്ചുവീണ സീനത്തിനെ അവിടെയുണ്ടായിരുന്നവർ വളരെ പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു.
___________________________________________

1.85 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കല്ലടിക്കോട്: മണ്ണാർക്കാട് എക്സൈസും പാലക്കാട് എക്സൈസ് ഇന്റലിജൻസ് സംഘവും നടത്തിയ പരിശോധനയിൽ 1.85 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കാഞ്ഞിരാനി മോഴേനി ഷനൂബാണ് (30) പിടിയിലായത്. നിരവധി ക്രിമിനൽകേസുകളിലെ പ്രതിയാണു ഷനൂബ്.  ഒപ്പമുണ്ടായിരുന്ന പുലകുന്നത്ത്‌ ഷാനവാസ്‌ ഓടിരക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിനെ ത്തുടർന്നായിരുന്നു പരിശോധന. സംഘത്തെ കണ്ടതോടെ ഷനൂബും ഷാനവാസും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഷാനൂബിനെ പിടികൂടി. ഷാനവാസ് സമീപത്തെ പുഴയുടെ വശത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിലെ സീറ്റിനടിയിൽ ഒളിപ്പിച്ചനിലയിലായിരുന്നു കഞ്ചാവ്. ബൈക്കും പിടിച്ചെടുത്തു
__________________________________________

അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം


അഗളി:പുതൂർ കുറുക്കത്തിക്കല്ല് ഊരിൽ നവജാതശിശു മരിച്ചു. പാർവതി ധനുഷിന്റെ 98 ദിവസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. ജനനസമയത്ത് കുഞ്ഞിന് തൂക്കക്കുറവുള്ളതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു കിലോ അമ്പത് ഗ്രാമായിരുന്നു ജനിച്ചപ്പോഴുള്ള തൂക്കം. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് പാർവതി കുഞ്ഞുമായി ഊരിലെത്തിയത്. വീട്ടിലെത്തിയപ്പോൾ കുഞ്ഞിന് രണ്ട് കിലോ 400 ഗ്രാം തൂക്കമുണ്ടായിരുന്നു. ബുധനാഴ്ച രാത്രി പാൽ കുടിച്ച് ഉറങ്ങിയ കുഞ്ഞിന് വ്യാഴാഴ്ച പുലർച്ചെ അനക്കമുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പാൽ ശ്വാസനാളത്തിൽ കുരുങ്ങി മരിച്ചതാകാമെന്നാണ് നിഗമനം.  അട്ടപ്പാടിയിൽ ഒരു വർഷത്തിനിടെ നാലാമത്തെ നവജാതശിശു മരണമാണിത്. നാല് ഗർഭസ്ഥശിശുക്കളും മരിച്ചു.
____________________________________________

ഗൃഹനാഥൻ ചവിട്ടേറ്റു മരിച്ച സംഭവത്തിൽ പ്രതിക്ക് 14 വർഷം തടവും രണ്ടുലക്ഷം രൂപ പിഴയും

മണ്ണാർക്കാട്: വാൽക്കുളമ്പ് സ്വദേശി ചവിട്ടേറ്റുമരിച്ച സംഭവത്തിൽ പ്രതിക്ക് 14 വർഷം തടവും രണ്ടുലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. വാൽക്കുളമ്പ് പ്ലാപ്പിള്ളിയിൽ വീട്ടിൽ ജോണിനാണ് (60) മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ശിക്ഷവിധിച്ചത്. വാൽക്കുളമ്പ് കണിച്ചിപ്പരുത സ്വദേശി വേലായുധനാണ് (52) ചവിട്ടേറ്റ് പരിക്കുപറ്റിയതിനെത്തുടർന്ന് ചികിത്സയിലിരിക്കേ മരിച്ചത്. പിഴ അടയ്ക്കാത്തപക്ഷം അധിക കഠിനതടവും അനുഭവിക്കണം. പിഴത്തുകയിൽനിന്ന് ഒരുലക്ഷംരൂപ വേലായുധന്റെ ആശ്രിതർക്ക് നൽകാനും ഉത്തരവിട്ടു. വടക്കഞ്ചേരി പോലീസ്‌സ്റ്റേഷൻ പരിധിയിൽ 2019 ഒക്ടോബർ ഒമ്പതിനാണ് സംഭവം.

മരക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വേലായുധന്റെ പറമ്പിലുണ്ടായിരുന്ന തേക്ക് മരക്കച്ചവടക്കാരനായ പ്രതി ജോണി വില്പന നടത്തിയിരുന്നു.

തുക കുറഞ്ഞതുമായി ബന്ധപ്പെട്ട് ജോണിയും വേലായുധന്റെ മകനും തർക്കമുണ്ടായി. തുടർന്ന്, ജോണി കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന വേലായുധന്റെ നെഞ്ചിൽ ചവിട്ടുകയായിരുന്നുവെന്നാണ് കേസ്. പരിക്കുപറ്റിയ വേലായുധൻ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

അന്നത്തെ ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകരായ പി. ജയൻ, കെ. ദീപ എന്നിവർ ഹാജരായി

Post a Comment

Previous Post Next Post