മണ്ണാർക്കാട്: ദേശീയപാത നവീകരണത്തിനു ശേഷം അപകടം സ്ഥിരക്കാഴ്ചയാവുകയാണ് കുമരംപുത്തൂർ ചുങ്കം ഭാഗത്ത്. ഇറക്കവും അതിനോടൊപ്പമുള്ള വളവുമാണ് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നത്. പെരിന്തൽമണ്ണ ഭാഗത്തുനിന്നു മണ്ണാർക്കാട്ടേക്ക് വരുന്ന വാഹനങ്ങൾക്ക് ചുങ്കം ജങ്ഷൻ കഴിഞ്ഞാൽ മുന്നിൽ ഇറക്കമാണ്. തുടർന്നുള്ള വളവിൽ റോഡ് ഒരുവശം ചരിഞ്ഞും മറുവശം ഉയർന്നുമാണ്. പെട്ടെന്ന് വാഹനങ്ങൾ തിരിക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെടും. മഴയുള്ളപ്പോൾ പ്രത്യേകിച്ചും. വാഹനം മറിയാതിരിക്കാൻ വെട്ടിക്കുമ്പോൾ എതിരെ വരുന്ന വാഹനവുമായി കൂട്ടിയിടിക്കുകയാണ് പതിവ്. വളവിന് സമീപം റോഡരികിലെ കാടും സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ മരങ്ങളും രാത്രിയിൽ വാഹനങ്ങളുടെ കാഴ്ചയും മറയ്ക്കുന്നു. റോഡ് നിർമാണ സമയത്ത് വളവ് നിവർത്തണമെന്ന ജനകീയാവശ്യം ഉയർന്നിരുന്നെങ്കിലും നടപ്പായില്ല.
ശാശ്വത പരിഹാരം കാണണമെന്ന് ജനകീയക്കൂട്ടായ്മ
കുമരംപുത്തൂർ ചുങ്കത്ത് തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ജനകീയക്കൂട്ടായ്മ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് ആറിന് ചുങ്കത്തുചേർന്ന ജനകീയകൂട്ടായ്മ തുടർപരിപാടികളുടെ ഭാഗമായി ആക്ഷൻ കൗൺസിലും രൂപവത്കരിച്ചു. അപകടങ്ങൾ തടയാൻ റോഡുസുരക്ഷാ മുന്നറിയിപ്പുബോർഡുകൾ സ്ഥാപിക്കുക, വളവിൽ ഉയരവിളക്ക് സ്ഥാപിക്കുക, റോഡിലെ വളവ് നിവർത്തുക, അപകട മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും കൂട്ടായ്മ ഉന്നയിച്ചു.