കൊഴിഞ്ഞാമ്പാറ: അച്ഛനമ്മമാർക്കൊപ്പം, നടുപ്പുണി ചെക്പോസ്റ്റ് കെട്ടിടത്തിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന മൂന്നുവയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയിൽ 77കാരൻ അറസ്റ്റിൽ.
എരുത്തേമ്പതി വില്ലൂന്നി തരകൻകളം സ്വദേശി കെ. കന്തസ്വാമിയാണ് അറസ്റ്റിലായത്. ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെ ആർ.വി.പി. പുതൂർ നടുപ്പുണിയിലാണ് സംഭവം.
കർണാടക സ്വദേശികളായ ദമ്പതിമാർ ചൊവ്വാഴ്ച രാവിലെയാണ് ജോലിതേടി നടുപ്പുണിയിലെത്തയിത്. നടപ്പുണിയിലെ അടച്ചിട്ട വാണിജ്യനികുതി ചെക്പോസ്റ്റ് കെട്ടിടത്തിന്റെ വരാന്തയിൽ അന്തിയുറങ്ങാനെത്തിയ തങ്ങളുമായി കന്തസ്വാമി സൗഹൃദം സ്ഥാപിച്ചിരുന്നതായി ഇവർ പോലീസിനോട് പറഞ്ഞു. കുട്ടിയെ പുലർച്ചെ എടുത്തുകൊണ്ടുപോയി ചെക്പോസ്റ്റിനു പിന്നിലുള്ള കുറ്റിക്കാട്ടിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഉറക്കമുണർന്ന മാതാപിതാക്കൾ കുട്ടിയെ കാണാത്തതിനെത്തുടർന്ന് അന്വേഷിക്കുന്നതിനിടെ സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് കുട്ടിയുടെ കരച്ചിൽ കേട്ടു. ഇവർ എത്തുമ്പോഴേക്കും കന്തസ്വാമി സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന്, നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പിടികൂടി അതിർത്തി ചെക്പോസ്റ്റിലുണ്ടായിരുന്ന തമിഴ്‌നാട് പോലീസിലേൽപ്പിച്ചു. തമിഴ്നാട് പോലീസ് കന്തസ്വാമിയെ കൊഴിഞ്ഞാമ്പാറ പോലീസിനു കൈമാറുകയായിരുന്നു.
പരിക്കേറ്റ കുട്ടിക്ക് ആദ്യം ജില്ലാ ആശുപത്രിയിൽ ചികിത്സ നൽകി. പിന്നീട് വൈദ്യപരിശോധനയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഏറെനാൾമുമ്പ് നാടുവിട്ടുപോയ കന്തസ്വാമി ഒരുമാസംമുമ്പാണ് വില്ലൂന്നിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കടത്തിണ്ണകളിലാണ് ഇയാൾ അന്തിയുറങ്ങുന്നത്. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, ചിറ്റൂർ ഡിവൈ.എസ്.പി. സി. സുന്ദരൻ, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ വി. ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഫോറൻസിക് സയൻറിഫിക് ഓഫിസർ പി.പി. ആനന്ദിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കന്തസ്വാമിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.