മകളുടെ മരണത്തിൽ നീതിതേടി കുടുംബം കോടതിപരിസരത്ത്

മണ്ണാർക്കാട്: മകൾ മരിച്ച കേസിൽ പതിനഞ്ച് വർഷമായിട്ടും കുറ്റപത്രം സമർപ്പിച്ചില്ലെന്ന് കുടുംബത്തിന്റെ പരാതി. നീതി തേടി പ്ലക്കാർഡുമായി   കോടതിയുടെ സഹായം വേണമെന്ന് അഭ്യർഥിച്ചു കൊണ്ട് കോടതി പരിസരത്തെത്തി  പിതാവും സഹോദരങ്ങളും, മരിച്ച യുവതിയുടെ മകളും.  14 വർഷം മുമ്പ് മരിച്ച കല്ലടിക്കോട് പാലക്കൽ ഫെമിന മരിച്ച കേസിലെ നീതി തേടി കോടതിയിലെത്തിയത്. സയനൈഡ് നൽകി കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും ആത്മഹത്യ കേസായാണ് പൊലീസ് മുന്നോട്ട് പോകുന്നതെന്നാണ് ബന്ധുക്കളുടെ ആരോപണം.

പിതാവ് മേലാറ്റൂർ കളത്തിൽവീട്ടിൽ മുഹമ്മദലി ഹാജി, സഹോദരങ്ങളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫഹദ്, ഫെമിനയുടെ പതിനഞ്ചുകാരിയായ മകൾ എന്നിവരാണ് പ്ലെക്കാർഡുമായി എത്തിയത്.

2007-ലാണ് കല്ലടിക്കോട് പാലക്കൽവീട്ടിൽ അസ്‌കർ അലിയുമായി ഫെമിനയുടെ വിവാഹം കഴിഞ്ഞത്. 2009 നവംബർ 17-നു കല്ലടിക്കോട്ടെ വീടിന്റെ മുകൾനിലയിലുള്ള കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടതായി ഭർത്തൃവീട്ടുകാർ അറിയിക്കുകയായിരുന്നു. ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയെങ്കിലും രാസപരിശോധനാഫലം വൈകിയതിനാൽ അന്തിമമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചിരുന്നില്ല. പ്രാഥമിക റിപ്പോർട്ടിന്മേലാണ് പോലീസ് കേസ് രജിസ്റ്റർചെയ്തത്. സ്ത്രീധനനിരോധനനിയമപ്രകാരമാണു കേസ്.

മണ്ണാർക്കാട് പോലീസ് രജിസ്റ്റർചെയ്ത കേസ് ഷൊർണൂർ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലായിരുന്നു അന്വേഷിച്ചത്. അന്വേഷണം തൃപ്തികരമല്ലെന്നുകാണിച്ചു ഫെമിനയുടെ കുടുംബം 2010-ൽ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, കോടതി അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുകയായിരുന്നു. 2012-ൽ ലഭിച്ച അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഫെമിനയുടെ ശരീരത്തിൽ സയനൈഡിന്റെ അംശമുണ്ടെന്നു കണ്ടെത്തിയിരുന്നു.

ഫെമിന തൂങ്ങിമരിച്ചതല്ലെന്നും സയനൈഡ് നൽകിയശേഷം കെട്ടിത്തൂക്കിയതാണെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കേസിലെ പ്രതികൾക്കെതിരേ കൊലപാതകക്കുറ്റത്തിനും കേസെടുക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. കേസിൽ സി.ബി.ഐ. അന്വേഷണവും ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ച, കേസിന്റെ അന്തിമറിപ്പോർട്ട് സമർപ്പിക്കുമെന്ന വിവരവും ലഭിച്ചിരുന്നു. മണ്ണാർക്കാട് പോലീസും സ്ഥലത്തെത്തിയിരുന്നു. എന്നാൽ, അന്തിമറിപ്പോർട്ട് സമർപ്പിച്ചില്ല
Previous Post Next Post

نموذج الاتصال