ക്ലാപ്സ് മണ്ണാർക്കാട് ന്യൂ ഇയർ കോണ്ടസ്റ്റ് വിജയി ജയപാൽ

മണ്ണാർക്കാട്:  മോഹൻലാൽ- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലെത്തുന്ന മലൈകോട്ടൈ വാലിബനുള്ള കാത്തിരിപ്പിലാണ് സിനിമാ ആരാധകർ. മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് മലൈക്കോട്ടൈ വാലിബനോളം ആവേശമുയര്‍ത്തുന്ന ഒരു ചിത്രം സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. തന്റെ രീതിയിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത സംവിധായകൻ, കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന നടനും... ഡെഡ്ലി കൊമ്പോ എന്നാണ് മലൈക്കോട്ടെ വാലിബനെ വിശേഷിപ്പിക്കുന്നത്

വാലിബന്റെ ആ വലിയ വരവ് പ്രമാണിച്ച് മണ്ണാർക്കാട്ടെ സിനിമാസ്വാദകരുടെ കൂട്ടായ്മയായ ക്ലാപ്സ് മണ്ണാർക്കാട് സംഘടിപ്പിച്ച  "സിനിമാനുഭവം എഴുതൂ; സമ്മാനം നേടൂ" ന്യൂ ഇയർ കോണ്ടസ്റ്റിൽ തെങ്കര കോൽപ്പാടത്തുള്ള ജയപാൽ. എം വിജയിയായി.  മലൈക്കോട്ടെ വാലിബനുള്ള രണ്ട് ടിക്കറ്റുകളാണ് ഇദ്ധേഹത്തിന് സമ്മാനമായി ലഭിക്കുക
                   ജയപാൽ.എം,  തെങ്കര

സമ്മാനർഹമായ സിനിമാനുഭവം വായിക്കാം👇🏻

കൊല്ലം ഗ്രാൻറിൽ കിടിലം പടമിറങ്ങി. അന്ന് കൊല്ലത്ത് താമസക്കാരനായിരുന്ന ഞാൻ പോയി കണ്ടില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് സജിയേട്ടൻ പറഞ്ഞു. അയാളൊരു നല്ലവനായ ഉണ്ണിയായിരുന്നു. കോളേജ് കട്ട് ചെയ്ത് സിനിമ കാണുന്നതൊന്നും നാട്ടുകാർക്കറിയില്ലായിരുന്നു. പുതിയ സിനിമയെല്ലാം കണ്ട് വന്ന് ഞങ്ങളോട് റിവ്യൂ പറയുന്ന ആറാട്ടണ്ണനായിരുന്നു അയാൾ!

ഞാനും പൊടിമോനും  അത് കേട്ട് ആവേശഭരിതരായി. പിറ്റേന്ന് മോണിങ്ങ് ഷോയ്ക്ക് പോകാൻ പ്ലാൻ ചെയ്തു. പ്രീഡിഗ്രി ഒന്നാം വർഷക്കാരനായ ഞാൻ രാവിലെ തന്നെ കോളേജിൽ പോകാനെന്ന വ്യാജേന പൊടിമോൻ്റെ വീട്ടിലെത്തി. എങ്ങാനും പിടിക്കപ്പെടാതിരിക്കാൻ പൊടിമോൻ്റെ ഷർട്ടിട്ട് പോകാൻ എൻ്റെ ഫ്രണ്ട് പൊടിമോൻ തന്നെയാണ് സജസ്റ്റ് ചെയ്തത്.

"ബോർഡർ" സിനിമ കണ്ടിറങ്ങിയപ്പോൾ മിനിമം ഒരു പാകിസ്ഥാൻകാരനെയെങ്കിലും വെടിവെച്ചു കൊല്ലാൻ ഞങ്ങൾ കൊതിച്ചു. ഞാൻ മൂത്രമൊഴിച്ചോണ്ട് നിൽക്കുമ്പോൾ പൊടിമോൻ അലറിക്കൊണ്ട് ഓടി വന്നു. അവൻ പാകിസ്ഥാൻകാരനെ കണ്ടെന്ന് ഞാൻ കരുതി. 

നിൻ്റെ അച്ഛനിങ്ങോട്ട് വരുന്നു!

ഞാൻ മൂത്രപ്പുരയിൽ നിന്നും പെട്ടെന്ന് ടോയ്‌ലെറ്റിലേക്ക് ഷിഫ്റ്റ് ചെയ്ത് ഡോറsച്ചു. ഡോറിൻ്റെ സുഷിരത്തിലൂടെ നോക്കിയപ്പോൾ അച്ഛനും കൂട്ടുകാരൻ ഡോ.ജോൺ സഖറിയയും അവിടെ നിൽക്കുന്നുണ്ട്. കൊല്ലത്തെവിടെയോ വന്നപ്പോൾ, മൂത്രമൊഴിക്കാനായി തീയേറ്ററിൽ കയറിയതാണവർ. 

പക്ഷെ അച്ഛനെന്തോ ഡൗട്ടടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. ഞാൻ കയറിയ ടോയ്ലെറ്റിനരികിൽ വന്നു നിന്നു. ഞാൻ നെഞ്ചിടിപ്പോടെ അകത്ത് നിന്നു. പൊടിമോനെ അച്ഛൻ കണ്ടിരിക്കുന്നു. സോ, ഞാനും കൂടെയുണ്ടാകും എന്ന് കരുതിയിട്ടുണ്ടാകും. 

പത്ത് മിനിട്ടോളം ഡോർ തുറക്കാനായി അച്ഛൻ കാത്തു നിന്നു. ബങ്കറിനുള്ളിൽ പെട്ട പട്ടാളക്കാരനെ പോലെ ഞാൻ അകത്തും. ഒടുവിൽ, ശ്രമം ഉപേക്ഷിച്ച് അച്ഛൻ പോയി. പൊടിമോൻ പോയി വാച്ച് ചെയ്തു. അവർ പോയി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാനുമിറങ്ങി.

സജിയേട്ടൻ പറഞ്ഞതിന് വിരുദ്ധമായി പടം കണ്ടിട്ട് ജീവിച്ചിരിക്കാത്ത ആദ്യ വ്യക്തിയായി ഞാൻ മാറുമെന്ന് എനിക്കുറപ്പായി!

ചോദ്യം ചെയ്യലും ഒടുവിൽ അടിയും അതിലുമേറെ പലതും പ്രതീക്ഷിച്ചാണ് വീട്ടിൽ ചെന്നത്. ചങ്കിടിപ്പോടെ വീട്ടിൽ കയറിയ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒന്നും സംഭവിച്ചില്ല!

വർഷങ്ങൾക്ക് ശേഷം ഞാനീ സംഭവം അമ്മയോട് കൺഫെസ് ചെയ്തു. അച്ഛന് സംശയം തോന്നിയിരുന്നു. പക്ഷെ ഉറപ്പില്ലാത്തതുകൊണ്ടാണ് അന്ന് ചോദിക്കാതിരുന്നതത്രേ, അമ്മയോടും ചോദിക്കരുതെന്ന് വിലക്കിയിരുന്നു.

വ്യക്തമായി സ്വയം ബോധ്യപ്പെടാതെ, കൃത്യമായ തെളിവില്ലാതെ ഒരു കാര്യത്തിലും പ്രതികരിക്കാത്ത അച്ഛൻ വ്യക്തമായ തെളിവുകൾ അവശേഷിപ്പിച്ച് ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട്  രണ്ട് വർഷം കഴിഞ്ഞു
Previous Post Next Post

نموذج الاتصال