പാലക്കാട് ∙ കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ മനുഷ്യച്ചങ്ങലയിൽ ജില്ലയിൽ നിന്ന് അണിചേർന്നത് ഒരു ലക്ഷത്തോളം പേർ. പട്ടാമ്പി–പെരിന്തൽമണ്ണ റോഡിലെ പുലാമന്തോൾ പാലം മുതൽ ചെറുതുരുത്തി പാലം വരെ കണ്ണിചേർന്ന ചങ്ങലയിൽ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു ആദ്യകണ്ണിയും മുൻമന്ത്രി എ.കെ.ബാലൻ അവസാന കണ്ണിയുമായി.
ജില്ലയിലെ 29 കിലോമീറ്ററും ജില്ലാ അതിർത്തിയോടു ചേർന്ന മലപ്പുറം, തൃശൂർ ജില്ലകളിലെ 10 കിലോമീറ്റർ വീതവുമാണു പാലക്കാട് ജില്ലയിലെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ചങ്ങല തീർത്തത്. വിളയൂർ, കൊപ്പം, പട്ടാമ്പി, ഓങ്ങല്ലൂർ, കുളപ്പുള്ളി, ഷൊർണൂർ എന്നീ കേന്ദ്രങ്ങളിൽ പൊതുയോഗവും നടന്നു. 1987ൽ നടത്തിയ ആദ്യ മനുഷ്യച്ചങ്ങലയിൽ കണ്ണിയായ സാഹിത്യകാരൻമാരായ വൈശാഖൻ, മുണ്ടൂർ സേതുമാധവൻ എന്നിവർ ഷൊർണൂരിൽ ഭാഗമായി.
സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി, സിപിഐ നേതാവ് മുഹമ്മദ് മുഹസിൻ എംഎൽഎ, മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ഹരിദാസ്, ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ടി.കെ. ശങ്കരനാരായണൻ, മോഹൻദാസ് ശ്രീകൃഷ്ണപുരം, ഡോ.സി.പി.ചിത്രഭാനു, ഡോ.സി.പി.ചിത്ര, കലാമണ്ഡലം ശിവൻ നമ്പൂതിരി, വെള്ളിനേഴി സുബ്രഹ്മണ്യൻ തുടങ്ങിയവരും കണ്ണികളായി. കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായാണു ജനകീയ പ്രതിരോധം തീർത്തതെന്നു ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.