മണ്ണാർക്കാട്: കുന്തിപുഴയിലെ സ്വകാര്യ ആശുപത്രി സിവിആറിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കണമെന്നും, പോലീസ് അന്വേഷണം കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം നിക്ഷേപകർ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു. കുന്തിപുഴ സിവിആറിന്റെ മുന്നിൽ നിന്ന് ആരംഭിച്ച ജാഥ മണ്ണാർക്കാട് പോലീസ് സ്റ്റേഷന് മുന്നിൽ സമാപിച്ചു. തുടർന്ന് വിശദീകരണ യോഗവും നടന്നു. വാഗ്ദാനം ചെയ്ത ചികിത്സാനുകൂല്യങ്ങളും മറ്റും ലഭ്യമായില്ലെന്നും തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നെന്നും നിക്ഷേപകർ പറഞ്ഞു. നൂറു കണക്കിന് നിക്ഷേപകരാണ് ജാഥയിൽ പങ്കെടുത്തത്. അതേ സമയം സിവിആർ ആശുപത്രി ഉടമകൾ 20 കോടിയോളം രൂപ തട്ടിപ്പു നടത്തി മുങ്ങിയതായി ആരോപിച്ച് നൽകിയ പരാതികളിൽ മണ്ണാർക്കാട് പൊലീസ് കേസെടുത്തു തുടങ്ങിയതായാണ് അറിയാൻ കഴിയുന്നത്. സൗജന്യ ചികിത്സ, 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ, ആശുപത്രിയിൽ ജോലി തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണു നിക്ഷേപകരിൽ നിന്നു പണം വാങ്ങിയതെന്നാണ് പറയപ്പെടുന്നത്. രണ്ടു വർഷത്തിനു ശേഷം ലാഭത്തിന്റെ 40 ശതമാനവും വാഗ്ദാനം ചെയ്തിരുന്നതായും നിക്ഷേപകർ പറയുന്നു. സമൂഹത്തിൽ ഉന്നതരായ വ്യക്തികളെ മുന്നിൽ നിർത്തി വിശ്വസിപ്പിച്ച് നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചെന്നും നിക്ഷേപ തട്ടിപ്പിനിരയായവരുടെ കൂട്ടായ്മയിലുള്ളവർ പറഞ്ഞു.
തട്ടിപ്പിന് ഇരയായവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. 10 ലക്ഷം രൂപ വരെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കുമെന്ന വാഗ്ദാനത്തിലാണ് അധികം പേരും ഷെയർ എടുത്തതെന്ന് നിക്ഷേപകർ പറയുന്നു.
20 കോടി രൂപ പിരിച്ചെടുത്ത ആശുപത്രിയിൽ, മൾട്ടി സ്പെഷ്യൽറ്റി ആശുപത്രികളിൽ വേണ്ട സൗകര്യമോ ഉപകരണങ്ങളോ ഇല്ലെന്ന് പരാതിക്കാർ പറഞ്ഞു. പണം ആവശ്യപ്പെട്ട് ആശുപത്രി ഉടമ മുഹമ്മദ് റിഷാദ്, റിഷാദിന്റെ പിതാവ് അലി, ഭാര്യ ഷഹാന, ജീവനക്കാരായ പി.സത്താർ, ജിൻഷ എന്നിവർക്കെതിരെയാണു പരാതി നൽകിയിരിക്കുന്നത്. ആശുപത്രി പ്രവർത്തനം നിർത്തിയതറിഞ്ഞ് ബന്ധപ്പെട്ട ചിലർക്ക് ഉടമകൾ നൽകിയ ചെക്ക് മടങ്ങിയതായും പരാതി നൽകിയിട്ടുണ്ട്.