മണ്ണാർക്കാട്: പെരിഞ്ചോളത്ത് കാട്ടുപന്നി ഇടിച്ചു ബൈക്ക് മറിഞ്ഞു യുവാക്കൾക്ക് പരുക്ക്. പെരിഞ്ചോളം സ്വദേശികളായ റിഷാൽ, ഫെബിൻ, റമീസ് എന്നിവർക്കാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുന്തിപ്പുഴ ബൈപ്പാസിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ നേരെ അപ്രതീക്ഷിതമായി പാഞ്ഞെത്തിയ പന്നിയിടിച്ച് ബൈക്ക് മറിഞ്ഞാണ് അപകടം. അപകടത്തിൽ തെറിച്ച് വീണ യുവാക്കളുടെ കൈക്കും കാലിനും പരിക്കേറ്റു. പന്നിക്കൂട്ടം ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഇവർ ഓടി രക്ഷപ്പെട്ടു. തുടർന്ന് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മണ്ണാർക്കാട് നഗരത്തോട് ചേർന്ന ഈ പ്രദേശത്ത് കഴിഞ്ഞ ഒരു വർഷമായി പന്നി ശല്ല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സന്ധ്യ കഴിഞ്ഞാൽ ഇവ കൂട്ടത്തോടെ ഇറങ്ങുന്നെന്നു നാട്ടുകാർ പറയുന്നു. പ്രദേശവാസികളായ രക്ഷിതാക്കളും ഭീതിയിലാണ്. നൂറു കണക്കിന് വിദ്യാർത്ഥികളാണ് ഈ വഴിയിലൂടെ മദ്രസ്സയിലേക്കും സ്ക്കൂളിലേക്കും പോകുന്നത്. ഒരു മാസം മുമ്പ് നഗരസഭയുടെ നേതൃത്വത്തിൽ പന്നികളെ വെടിവെച്ച് കൊന്നിരുന്നു. ശാശ്വതമായ പരിഹാരം വേണമെന്ന് ജനപ്രതിനിധികളും വനംവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്