എസ്.ഐ.യുമായി വാക്കുതർക്കം; അഭിഭാഷകനെതിരെ രണ്ടു കേസ്

ആലത്തൂർ: വഴിയാത്രക്കാരന്റെ മരണത്തിനിടയാക്കിയ, അപകടത്തിൽപ്പെട്ട ബസ് പോലീസ് കസ്റ്റഡിയിൽനിന്ന് ഇറക്കാൻ കോടതിയുത്തരവുമായി എത്തിയ അഭിഭാഷകനും ആലത്തൂർ എസ്.ഐ.യുമായി വാക്കുതർക്കം.


തർക്കത്തിന്റെ വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് അഭിഭാഷകനെതിരേ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. കോടതി ഉത്തരവുപ്രകാരം പോലീസ് ബസ് വിട്ടുകൊടുക്കുകയും ചെയ്തു.

എസ്.ഐ.ക്കെതിരേ അഭിഭാഷകസംഘടന മുഖ്യമന്ത്രിക്കും ഹൈക്കോടതി രജിസ്ട്രാർക്കും പരാതി നൽകി. ഡിസംബർ നാലിന് ദേശീയപാതയിൽ ഇരട്ടക്കുളത്ത് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ, തീർഥാടകസംഘം സഞ്ചരിച്ചിരുന്ന ബസ് നിർത്താതെ പോയിരുന്നു. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.


തമിഴ്നാട്ടിലുള്ള ബസ്, സി.സി.ടി.വി.കളുടെ സഹായത്തോടെ പോലീസ് തിരിച്ചറിഞ്ഞ് ഉടമയെ ബന്ധപ്പെട്ടു. പിറ്റേന്ന് പോലീസ് സ്റ്റേഷനിൽ ബസ് ഹാജരാക്കി. അപകടസമയത്ത് ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കുപകരം മറ്റൊരാളെയാണ് കൊണ്ടുവന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി വണ്ടി പിടിച്ചിട്ടു. ബസ് വിട്ടുകിട്ടാൻ കോടതിയുത്തരവ് നേടിയ ഉടമയുടെ അഭിഭാഷകൻ അക്വിബ് സുഹൈൽ വ്യാഴാഴ്ച വൈകീട്ട് ആലത്തൂർ സ്റ്റേഷനിലെത്തിയപ്പോൾ സി.ഐ.യും എസ്.ഐ.യും ഇല്ലാതിരുന്നതിന്റെ പേരിൽ തർക്കം ഉണ്ടായി. വൈകാതെ എസ്.ഐ. വി.ആർ. റെനീഷ് എത്തി. വണ്ടി ഓടിച്ചിരുന്ന ഡ്രൈവറെ ഹാജരാക്കിയാലേ വണ്ടി വിട്ടുതരൂ എന്നു പറഞ്ഞു. 

അത് പോലീസാണ് കണ്ടെത്തേണ്ടതെന്നും കോടതി ഉത്തരവുപ്രകാരം വണ്ടി വിടണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടതോടെ തർക്കമായി. വണ്ടി എടുക്കാനാകാതെ അഭിഭാഷകൻ മടങ്ങി. കോടതിയുത്തരവിനെതിരേ വെള്ളിയാഴ്ച പോലീസ് അപ്പീൽ നൽകിയെങ്കിലും കോടതി തള്ളി. ഈ സമയത്ത് ചിറ്റൂർ കോടതി പരിസരത്തും അഭിഭാഷകനും എസ്.ഐ.യും വാക്‌തർക്കത്തിൽ ഏർപ്പെട്ടിരുന്നു.


വൈകീട്ട് ആലത്തൂർ പോലീസ് കോടതിയുത്തരവുപ്രകാരം ബസ് വിട്ടുകൊടുക്കുകയും ചെയ്തു. ചിറ്റൂർ കോടതിപരിസരത്തുണ്ടായ പ്രശ്നത്തിന്റെ പേരിൽ ചിറ്റൂർ പോലീസ് അഭിഭാഷകനെതിരേ കേസെടുത്തു. ആലത്തൂർ സ്റ്റേഷനിലുണ്ടായ സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ ശനിയാഴ്ച രാവിലെമുതൽ പ്രചരിച്ചു. വൈകീട്ടോടെ ആലത്തൂർ പോലീസ് കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിന്റെ പേരിൽ അഭിഭാഷകനെതിരേ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു.
Previous Post Next Post

نموذج الاتصال