പാലക്കാട്: എറണാകുളം സ്വദേശിയായ യുവാവിന്റെ കാർ തടഞ്ഞു ഭീഷണിപ്പെടുത്തി രണ്ടു പവന്റെ മാലയും വാച്ചും തട്ടിയെടുക്കുകയും അതേ കാറിൽ എ.ടി.എമ്മുകളിൽ കൊണ്ടുപോയി 24,000 രൂപ കവരുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് മിഷൻ സ്കൂൾ പരിസരത്ത് റോബിൻസൺ റോഡിൽ ബുധനാഴ്ച പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം.
പിരായിരി പാറയ്ക്കൽ ഹൗസിൽ ഉമ്മർ നിഹാൽ (19), മേഴ്സി കോളേജിനു സമീപം റിനീഷ് മൻസിലിൽ റിനീഷ് (20) എന്നിവരാണ് പിടിയിലായത്. കവർച്ചാസംഘത്തിലുൾപ്പെട്ട മൂന്നാമൻ രക്ഷപ്പെട്ടു. പിടിയിലായവരെ കോടതി റിമാൻഡ് ചെയ്തു.
പാലക്കാട്ട് സെയിൽസ് എക്സിക്യൂട്ടീവായി ജോലിചെയ്യുന്ന എറണാകുളം സ്വദേശിയായ യുവാവാണ് പരാതിക്കാരൻ. ഇയാൾ ജോലിയുടെ ഭാഗമായി, തൃശ്ശൂരിൽ നടന്ന യോഗം കഴിഞ്ഞ് കാറിൽ വരികയായിരുന്നു. സഹപ്രവർത്തകനെ പിരായിരിയിൽ ഇറക്കി. പിന്നീട് പാലക്കാടെത്തിയ ഇയാൾ റോബിൻസൺ റോഡ് വഴി താമസസ്ഥലത്തേക്കു പോകുകയായിരുന്നു. ഇൗ സമയം മൂന്നുപേർ കാർ തടഞ്ഞുനിർത്തി താക്കോൽ ഊരിയെടുത്തു. മൂവരും കാറിൽ കയറി. തുടർന്ന് എ.ടി.എം. കൗണ്ടറിൽ എത്തിച്ച് 24,000 രൂപ പിൻവലിപ്പിച്ചു. കഴുത്തിലെ രണ്ടുപവന്റെ മാലയും കൈയിലെ വാച്ചും ഊരിയെടുത്തു. തുടർന്ന് സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തെത്തിച്ച് കാർ തിരികെനൽകി സംഘം സ്ഥലംവിട്ടു. പ്രതികളിലൊരാളാണ് കാർ ഓടിച്ചത്.
യുവാവിന്റെ പരാതിപ്രകാരം സൗത്ത് പോലീസ് സി.സി.ടി.വി. ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പിരായിരി ഭാഗത്തുനിന്ന് വ്യാഴാഴ്ച രാവിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനിടെ മൂന്നാമൻ ഓടിരക്ഷപ്പെട്ടു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭ്യമായിട്ടുണ്ട്. പിടിയിലായ പ്രതികളിലൊരാൾ നേരത്തേ ചില അടിപിടിക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറയുന്നു.