വടക്കഞ്ചേരി: ദേശീയപാതയോരത്തെ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് സിനാനാണ് (21) പിടിയിലായത്.
മലപ്പുറം പാണ്ടിക്കാട്ടുനിന്നാണ് പ്രതിയെ പിടികൂടിയത്. അണയ്ക്കപ്പാറയിലും ചുവട്ടുപാടത്തും ദേശീയപാതയോരത്ത് അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടന്ന സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒരു കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അണയ്ക്കപ്പാറയിൽ വീട് കുത്തിത്തുറന്ന് 6,000 രൂപയും ഒന്നര പവനുമാണ് കവർന്നത്. ചുവട്ടുപാടത്ത് 20,000 രൂപയും പത്തു പവനുമാണ് കവർന്നത്. സംഘത്തിലുൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. മോഷണസംഘത്തിന്റെ തലവൻ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സൈനുദ്ദീനാണെന്നും പോലീസ് കണ്ടെത്തി.
സൈനുദ്ദീന്റെ പേരിൽ 2004 മുതൽ 25 മോഷണക്കേസുകളുണ്ട്. ആലത്തൂർ ഡിവൈ.എസ്.പി. ആർ. അശോകൻ, വടക്കഞ്ചേരി പോലീസ് ഇൻസ്പെക്ടർ കെ.പി. ബെന്നി, എസ്.ഐ. ജീഷ്‌മോൻ വർഗീസ്, ഡിവൈ.എസ്.പി. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആർ.കെ. കൃഷ്ണദാസ്, ബ്ലസൺ ജോസ്, സൂരജ് ബാബു, കെ. ദിലീപ്, റിനു മോഹൻ, വിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
പകൽ കാറിൽ സഞ്ചരിച്ച് നിരീക്ഷണം നടത്തി അടച്ചിട്ട വീടുകൾ കണ്ടെത്തിയശേഷം രാത്രി മോഷ്ടിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു.
അടച്ചിട്ട വീടുകൾ കണ്ടെത്തിയശേഷം ഇതിനു സമീപത്തായി ഹോട്ടലുകളിലോ വിശ്രമകേന്ദ്രങ്ങളിലോ മുറിയെടുത്ത് താമസിക്കും. തുടർന്നാണ് സംഘം മോഷണം ആസൂത്രണം ചെയ്യുക. സംഘത്തിലെ ഓരോരുത്തർക്കും ഓരോ ചുമതലയാണെന്ന് പോലീസ് പറഞ്ഞു.
കാറോടിക്കുന്നതും മുറിയെടുക്കുന്നതുമായിരുന്നു ഞായറാഴ്ച അറസ്റ്റിലായ മുഹമ്മദ് സിനാന്റെ ചുമതല. പാലക്കാട്, തൃശ്ശൂർ, ഒല്ലൂർ, കോങ്ങാട്, എറണാകുളം, പെരുമ്പാവൂർ, കോട്ടയം, പാലാ, തൊടുപുഴ എന്നിവിടങ്ങളിൽ അടച്ചിട്ട വീടുകളിൽ സംഘം മോഷണം നടത്തിയതായി പോലീസ് കണ്ടെത്തി.