പാലക്കാട്: തീവണ്ടിയിൽ കയറുന്നതിനിടെ പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണ സ്ത്രീയുടെ ഇരുകാലുകളും അറ്റു. അഗളി താവളം ഒലിക്കൽ കുഞ്ഞുമോന്റെ ഭാര്യ മേരിക്കുട്ടിയാണ് (62) അപകടത്തിൽപ്പെട്ടത്. പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച രാത്രി 9.25-നായിരുന്നു സംഭവം. മേരിക്കുട്ടിയുടെ മകൻ റോണിയുടെ കുട്ടിയുടെ ചികിത്സാവശ്യത്തിനുവേണ്ടി, തിരുവന്തപുരത്തേക്ക് പോകാനായി മകനും ബന്ധുവിനൊപ്പം പാലക്കാട് ജങ്ഷൻ റെയിൽവേസ്റ്റേഷനിൽ എത്തിയതായിരുന്നു മേരിക്കുട്ടി. തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസിലാണ് യാത്ര ചെയ്യാനിരുന്നത്. തീവണ്ടിയിലേക്ക് മകൻ ആദ്യം കയറി. പിന്നാലെ, പ്ലാറ്റ്‌ഫോമിൽ നിൽക്കുകയായിരുന്ന മേരിക്കുട്ടിയെ തീവണ്ടിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വണ്ടി നീങ്ങിത്തുടങ്ങി. ഇതോടെയാണ് നിയന്ത്രണം വിട്ട, മേരിക്കുട്ടി കാൽ വഴുതി പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിലേക്ക് വീണത്.
ഗുരുതരപരിക്കേറ്റ മേരിക്കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.