അഗളി: അട്ടപ്പാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടുപേർക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. തെളിവുകളുടെ അഭാവത്തിൽ ഒരാളെ വെറുതെ വിട്ടു. ഒന്നാം പ്രതി ആനക്കട്ടി കോട്ടത്തറ സ്വദേശി ഇന്ദുജ (24), രണ്ടാം പ്രതി ഭൂതിവഴി സ്വദേശി കുമാർ (28) എന്നിവർക്കാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു ശിക്ഷ വിധിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിന് കൂട്ടുനിന്നതിന് ഇന്ദുജയ്ക്ക് വിവിധ വകുപ്പുകളിലായി 18 വർഷം വെറും തടവും 60,000 രൂപ പിഴയുമാണ് ശിക്ഷ. ബാലികയെ പീഡിപ്പിച്ചതിന് രണ്ടാംപ്രതി കുമാറിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാത്തപക്ഷം ഒന്നാംപ്രതി ഏഴുമാസം തടവും രണ്ടാംപ്രതി ഒരു വർഷം തടവും അധികമായി അനുഭവിക്കണം. പ്രതികൾ അടയ്ക്കുന്ന പിഴത്തുക പെൺകുട്ടിക്ക് നൽകണമെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്.
2018 മേയ് 19-നാണ് ഒന്നാംപ്രതി ബാലികയെ വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയത്. അഞ്ച് ദിവസം പലർക്കും പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്തു. രണ്ടാംപ്രതി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്നത്തെ എസ്.ഐ.മാരായ രാജേഷ് അയോടൻ, എസ്.ഐ. അശോകൻ, ഷാജഹാൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രിൻസ്, ഗോപകുമാർ, ബീന എന്നിവരാണ് അന്വേഷണം നടത്തിയത്. എസ്.ഐ. രാജേഷ് അയോടനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. ഷോളയൂർ പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ് കുമാർ, ഷാജി, ലെയ്സൺ ഓഫീസറായ എ.എസ്.ഐ. സതി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.