മണ്ണാർക്കാട് ഉത്സവാവേശത്തിലേക്ക്; പൂരം പുറപ്പാട് ഇന്ന്

മണ്ണാർക്കാട്: അരകുറിശ്ശി ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിലെ പൂരം പുറപ്പാട് ഇന്ന്. ഉറഞ്ഞുതുള്ളുന്ന കോമരങ്ങളുടെയും വാദ്യമേളങ്ങളുടെയും തട്ടകമക്കളുടെയും അകമ്പടിയോടെ ഉദയർകുന്ന് ഭഗവതി പ്രഥമ ആറാട്ടിനായി രാത്രി എഴുന്നള്ളും. മണ്ണാർക്കാടിന്റെ നാനാവഴികളും ഇനിയുള്ള ഏഴ് നാളുകൾ ക്ഷേത്രമുറ്റത്തേക്ക് നീങ്ങും.

രാവിലെ ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ താന്ത്രികച്ചടങ്ങുകളും പൂജകളും നടക്കും. വൈകീട്ട് 6.30-ന് മണ്ണാർക്കാട് മെഗാ തിരുവാതിര ഗ്രൂപ്പിന്റെ തിരുവാതിര അരങ്ങേറും. 7.30-ന് ആലിപ്പറമ്പ് ശിവരാമപൊതുവാൾസ്മാരക വാദ്യ പ്രവീണ പുരസ്കാരദാനച്ചടങ്ങ് നടക്കും. എൻ. ഷംസുദ്ദീൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും.

സാംസ്കാരികവകുപ്പ് സെക്രട്ടറി മിനി ആന്റണി ഇലത്താള കലാകാരൻ പാഞ്ഞാൾ വേലുക്കുട്ടിക്ക്‌ പുരസ്കാരം സമ്മാനിക്കും. ക്ഷേത്രം ട്രസ്റ്റി കെ.എം. ബാലചന്ദ്രനുണ്ണി പൊന്നാടയണിയിക്കും. റിട്ട. അധ്യാപകനും സാമൂഹികക്ഷേമ പ്രവർത്തകനുമായ പള്ളിക്കുറുപ്പ് കാതിരുമോളേൽ മാത്യു, ക്ഷേത്രം ജീവനക്കാരി വെള്ളത്ത് സരോജിനിയമ്മ എന്നിവരെ ചടങ്ങിൽ ആദരിക്കും. രാത്രി 11-ന് പൂരം പുറപ്പാടും ആറാട്ടെഴുന്നള്ളിപ്പും നടക്കും. പൂരപ്രേമികളുടെ ആവേശമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് തിടമ്പേറ്റുന്നത്. തുടർന്ന് മേളം, ഇടയ്ക്കപ്രദക്ഷിണം എന്നിവയും നടക്കും. രണ്ടാം പൂരം നാളായ തിങ്കളാഴ്ച വൈകീട്ട് ചാക്യാർകൂത്ത്, നാദസ്വരം, ഗാനമേള എന്നിവ നടക്കും. ചൊവ്വാഴ്ചയാണ് പൂരം കൊടിയേറ്റ്.
Previous Post Next Post

نموذج الاتصال