മണ്ണാർക്കാട് പൂരത്തിന് നാളെ തുടക്കം

മണ്ണാർക്കാട്: മണ്ണാർക്കാട് ഉദയർകുന്ന് ഭഗവതിക്ഷേത്രത്തിലെ ഒരാഴ്ച നീളുന്ന പൂരം ഞായറാഴ്ച തുടങ്ങും. രാവിലെ ക്ഷേത്രംതന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ താന്ത്രികച്ചടങ്ങുകളും പൂജകളും നടക്കും. വൈകീട്ട് ദീപാരാധന, മെഗാ തിരുവാതിര എന്നിവയുണ്ടാകും.

രാത്രി 11-നാണ് പൂരംപുറപ്പാട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഭഗവതിയുടെ തിടമ്പേറ്റുമെന്ന് പൂരാഘോഷക്കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, സെക്രട്ടറി എം. പുരുഷോത്തമൻ, ഖജാൻജി പി.കെ. മോഹൻദാസ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഇടയ്ക്കപ്രദക്ഷിണം എന്നിവയും നടക്കും.

രണ്ടാംപൂര നാളായ തിങ്കളാഴ്ച വൈകീട്ട് ചാക്യാർകൂത്ത്, നാദസ്വരം, ഗാനമേള എന്നിവയുണ്ട്. ചൊവ്വാഴ്ചയാണ് പൂരംകൊടിയേറ്റ്. വൈകീട്ട് ചാക്യാർകൂത്ത്, നാദസ്വരം എന്നിവയുണ്ടാകും. ബുധനാഴ്ച വൈകീട്ട് ചാക്യാർകൂത്ത്, നാദസ്വരം, തായമ്പക, രാത്രി നൃത്തപരിപാടികൾ എന്നിവ നടക്കും.


വ്യാഴാഴ്ച കൂട്ടുവിളക്കുദിവസം വൈകീട്ട് ഓട്ടൻതുള്ളൽ, നാദസ്വരം, തായമ്പക, രാത്രി സംഗീതവാദ്യ പരിപാടികൾ എന്നിവയുണ്ടാകും. ചെറിയാറാട്ട് ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ ക്ഷേത്രാങ്കണത്തിൽ ആനച്ചമയ പ്രദർശനം നടക്കും. വൈകീട്ട് ഓട്ടൻതുള്ളൽ, ഡബിൾ നാദസ്വരം, ഡബിൾ തായമ്പക, രാത്രി ആറാട്ടെഴുന്നള്ളിപ്പ്, കുടമാറ്റം എന്നിവയും തുടർന്ന്, 90 വാദ്യകലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളവുമുണ്ടാകും.

ശനിയാഴ്ചയാണ് വലിയാറാട്ട്. രാവിലെ മേജർസെറ്റ് പഞ്ചവാദ്യം അവതരിപ്പിക്കും. എഴുന്നള്ളിപ്പിന് പാമ്പാടി രാജൻ തിടമ്പേറ്റും. 11 മുതൽ കുന്തിപ്പുഴയിലെ ആറാട്ടുകടവിൽ പരമ്പരാഗത ചടങ്ങായ കഞ്ഞിപാർച്ച നടക്കും. വൈകീട്ട് ഓട്ടൻതുള്ളൽ, ഡബിൾ നാദസ്വരം, ഡബിൾ തായമ്പക, രാത്രി ആറാട്ടെഴുന്നള്ളിപ്പ്, കുടമാറ്റം എന്നിവയും തുടർന്ന്, 90 വാദ്യകലാകാരൻമാർ അണിനിരക്കുന്ന പഞ്ചാരിമേളവുമുണ്ടാകും.

ഞായറാഴ്ചയാണ് ചെട്ടിവേല. വൈകീട്ട് മൂന്നുമുതൽ പഞ്ചവാദ്യസമേതം സ്ഥാനീയ ചെട്ടിയാൻമാരെ ആനയിക്കും. ദേശവേലകളും വർണാഭമായ ഘോഷയാത്രയുമുണ്ടാകും. വൈകീട്ട് ദീപാരാധന, ആറാട്ട് എന്നിവയുണ്ട്.
Previous Post Next Post

نموذج الاتصال