മുബാസ് ഗ്രൗണ്ടിൽ ഇന്ന് തീപാറും പോരാട്ടം

മണ്ണാർക്കാട്: മണ്ണാർക്കാട്ട് കപ്പുയർത്തും എന്ന വാശിയോടെ കെഎംജിയും, ലിൻഷ മെഡിക്കൽസും കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ മുബാസ് ഗ്രൗണ്ട് ഇന്ന് തീ പാറും പോരാട്ടത്താനാകും സാക്ഷ്യം വഹിക്കുക.  ഒരു മാസക്കാലമായി കാൽപ്പന്തുപ്രേമികൾക്ക് ആവേശമേറ്റി നടന്നുവരുന്ന മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ പോരാട്ടമാണ് ഇന്ന് നടക്കുന്നത്. ചാമ്പ്യൻമാരെ നിശ്ചയിക്കുന്ന കലാശപ്പോരാട്ടത്തിൽ ചാംപ്യൻഷിപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാത്തതിനാൽ ലിൻഷ മെഡിക്കൽസും, കെഎംജി മാവൂരും സൂപ്പർ താരങ്ങളെ തന്നെയാവും ഇന്ന് കളത്തിലിറക്കുക. 

മണ്ണാർക്കാട് സെവൻസ് ടൂർണ്ണമെന്റിൽ  കെഎംജിയുടെ മുന്നേറ്റം അവിശ്വസനീയമായിരുന്നു. ഈ സീസണിലെ വമ്പൻ ടിമുകളെ മണ്ണാർക്കാട്ടെ മുബാസ് ഗ്രൗണ്ടിൽ തോൽപ്പിച്ചാണ്  കെഎംജി കലാശപ്പോരാട്ടത്തിന് അർഹത നേടിയത്. ഓരോ മത്സരം കഴിയുമ്പോഴും മണ്ണാർക്കാട്ട് കെഎംജിക്കുള്ള പിന്തുണയും ഏറിയിട്ടുണ്ട്.

ഏത് ടൂർണ്ണമെന്റിലാലായും കലാശപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ അത് വരെ കണ്ട ലിൻഷയെ ആയിരിക്കില്ല കളത്തിൽ കാണാനാവുക, ഡു ഓർ ഡൈ മോഡിൽ  വാശിയോടെ മത്സരിക്കുന്ന ലിൻഷക്ക് മണ്ണാർക്കാട്ട് ആരാധകരേറെയാണ്. 

ഈ ടൂർണ്ണമെന്റിലെ ഏറ്റവും ശക്തരായ ഇരു ടീമുകളും ഇറങ്ങുമ്പോൾ കാണികൾക്ക് അതൊരു വിരുന്നാവും എന്നതിലും തർക്കമില്ല. കെഎംജിക്ക് വേണ്ടി ഫഹീമും, റിക്കോണും, ഡീഡിയറും പോസ്റ്റിലേക്ക് അസ്ത്രങ്ങൾ തൊടുത്തു വിടുമ്പോൾ അത് പ്രതിരോധിക്കാൻ ലിൻഷയുടെ സുജിത്തിന് കഠിന പ്രയത്നം നടത്തേണ്ടി വരും. സുജിത്തിനെ സഹായിക്കാൻ പ്രതിരോധ കോട്ട കെട്ടി ബക്കറും, ഫഹദും, ഷാഫിയും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

ലിൻഷയെ സംബന്ധിച്ചിടത്തോളം ഫോർവേർഡിലാണ് കൂടുതൽ കരുത്ത് ഇസ്മാഈൽ, സുസുവ, ജൂനിയർ ത്രയങ്ങൾ ഏത് പ്രതിരോധ കോട്ടയിലും വിള്ളൽ വീഴ്ത്താൻ കെൽപ്പുള്ളവരാണ്. എതിർ ടീമിന്റെ പ്രതിരോധം പിഴച്ച് പോയാൽ അവർക്ക് ഗോളുകൾ ഏറെ വഴങ്ങേണ്ടി വരും എന്നുറപ്പ്. പക്ഷേ കെഎംജിയുടെ ഗോൾകീപ്പർ സപ്പം, സ്റ്റോപ്പർ ബാക്ക് വിക്ടർ, വിങ്ങർ ബാക്ക് സമീഹ് എന്നിവരും മികച്ച ഫോമിലാണ്. തുല്യശക്തികളുടെ പോരാട്ടമായതിനാൽ ഇന്നത്തെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കും, ടോസ്സിലേക്കും പോയാലും അത്ഭുതപ്പെടാനില്ല 
Previous Post Next Post

نموذج الاتصال