സ്ക്കൂട്ടറിൽ പോകവേ ബസ് തട്ടി തെറിച്ചു വീണ് ആശാവർക്കർ മരിച്ചു

പാലക്കാട്: ഓടിക്കൊണ്ടിരുന്ന ബസ് തട്ടി അടിയിലേക്കു വീണ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ ഏഴാംവാർഡിലെ ആശാ വർക്കർ ചിറ്റൂർ മന്നാടിയാർ ലെയ്ൻ താഴത്തെ വീട്ടിൽ അംബികാദേവിയാണ് (41) മരിച്ചത്. ഏകമകൾ രേവതിയെ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലിറക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം.

പാലക്കാട് നഗരസഭാകാര്യാലയത്തിനു മുന്നിലെ റോഡിൽ വെള്ളിയാഴ്ച രാവിലെ പത്തോടെയായിരുന്നു അപകടം. ലീഗൽ മെട്രോളജി വകുപ്പിൽ ജോലിക്കായി അഭിമുഖത്തിന് സ്കൂട്ടറിൽ പട്ടണത്തിൽ എത്തിയതായിരുന്നു അംബികാദേവി. ഗവ. വിക്ടോറിയ കോളേജിൽ ഒന്നാംവർഷ ഡിഗ്രിക്കു പഠിക്കുന്ന ഏകമകൾ രേവതിയും കൂടെയുണ്ടായിരുന്നു.

മകളെ കോളേജിൽ ഇറക്കിവരവേ, നഗരസഭാകാര്യാലയ കവാടത്തിനു മുന്നിലെത്തിയപ്പോൾ അതേ ദിശയിൽ വന്ന, പാലക്കാട്-കുറ്റിപ്പള്ളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് തട്ടി സ്കൂട്ടർ മറിഞ്ഞു. ബസിനടിയിലേക്കു വീണ അംബികാദേവിയുടെ തലയിലൂടെ ബസിന്റെ ഇടതുവശത്തെ പിൻചക്രങ്ങൾ കയറിയിറങ്ങി അപകടസ്ഥലത്തുതന്നെ മരണം സംഭവിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പട്ടഞ്ചേരി വാതകശ്മശാനത്തിൽ സംസ്കരിച്ചു.


ബസ് ഡ്രൈവർ മുരുകേശന്റെ പേരിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്ത് അറസ്റ്റു ചെയ്തു.


നാലുവർഷമായി ആശാ വർക്കറാണ് അംബികാദേവി. ചിറ്റൂർക്കാവ്, പഴയന്നൂർക്കാവ് ഉപദേശകസമിതി അംഗമാണ്. പെരുവെമ്പ് സ്വദേശിനിയാണ്. അച്ഛൻ: രാമചന്ദ്രൻ. അമ്മ: തങ്ക. സഹോദരങ്ങൾ: ആനന്ദൻ, ശങ്കരൻകുട്ടി, ചെന്താമര.
Previous Post Next Post

نموذج الاتصال