ആലത്തൂർ: കാറിലെത്തിയ സംഘം ബലമായി പിടിച്ചുകൊണ്ടുപോയി തടവിലാക്കിയ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. ആലത്തൂർ മൂച്ചിക്കാട് നവാസിനെയാണ് (34) നാലംഗ സംഘം വീട്ടിൽനിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയത്.
സംഭവത്തിൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം ചെറാട്ട് വീട്ടിലെ വിഷ്ണുരാജ് (29), സഹോദരൻ ജിഷ്ണു (26), ആലത്തൂർ വെങ്ങന്നൂർ പള്ളിമുക്കിൽ യൂനസ് (35), പെരിങ്ങോട്ടുകുറുശ്ശി തുവക്കാട് സുമേഷ് (34) എന്നിവരെയാണ് ആലത്തൂർ പോലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വിഷ്ണുരാജിന്റെ അഞ്ചുമൂർത്തി മംഗലത്തെ വീട്ടിൽനിന്നാണ് നവാസിനെ പോലീസ് കണ്ടെത്തിയത്. നവാസിന്റെ വീട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് ആലത്തൂർ പോലീസ് അഞ്ചുമൂർത്തിമംഗലത്തെ വീട്ടിൽ എത്തിയത്.
വിദേശത്തേയ്ക്ക് വിദ്യാർഥികളെ പഠനത്തിനായും ജോലിക്കായും കൊണ്ടുപോകുന്ന വടക്കഞ്ചേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു നവാസ്. കഴിഞ്ഞ ദിവസം ഇയാൾ ജോലി രാജിവെച്ച് പോന്നു.
സ്ഥാപനത്തിനെതിരേ നവാസ് കുപ്രചാരണം നടത്തിയെന്നുപറഞ്ഞ് ഇക്കാര്യം ചോദിക്കാനാണ് സ്ഥാപന ഉടമയായ വിഷ്ണുരാജ്, ജിഷ്ണു, യൂനസ്, സുമേഷ് എന്നിവർ നവാസിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയത്. വാക്കുതർക്കത്തിനിടെ കാറിൽ വലിച്ചുകയറ്റി കൊണ്ടുപോയി. കാറിൽവെച്ചും അഞ്ചുമൂർത്തിമംഗലത്തെ വീട്ടിൽവെച്ചും നവാസിനെ മർദിച്ചു