ഡ്രൈവിങ് ടെസ്റ്റില്‍ ‘എച്ച്’ എടുക്കല്‍ പലര്‍ക്കും ഒരു കടമ്പ തന്നെയാണ്. എറണാകുളം ആർടി ഓഫിസിനോടനുബന്ധിച്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ യുവതിയ്ക്കു പക്ഷെ പാരയായത് സുഹൃത്ത് തന്നെയാണ്. ‘ഇടത്തേക്ക് ഒടിക്കൂ.... വലത്തേക്ക് തിരിക്കു.... പിന്നോട്ടെടുക്ക്....’ ഡ്രൈവിങ് ടെസ്റ്റിനിടെ ഗ്രൗണ്ടിനു പുറത്തു നിന്ന് ഉറക്കെ വിളിച്ചു പറഞ്ഞ സുഹൃത്തിന്റെ പ്രോത്സാഹനമാണ് പരീക്ഷാർഥിയായ യുവതിയെ വെട്ടിലാക്കിയത്. പരസഹായം തേടിയെന്ന കാരണത്താൽ യുവതി ടെസ്റ്റിൽ പരാജയപ്പെട്ടു.
ഇരുചക്ര വാഹന ഡ്രൈവിങ് ടെസ്റ്റിൽ എട്ടെടുത്തു യുവതി വിജയിച്ചിരുന്നു. ഇതിനു ശേഷം നടന്ന കാർ ഡ്രൈവിങ് ടെസ്റ്റിലെ എച്ച് എടുക്കുന്നതിനിടെയാണു സമീപത്തു നിന്ന് സുഹൃത്ത് കമ്പികൾക്കിടയിലൂടെ കാർ ഓടിക്കുന്നതിനുള്ള ദിശ ഉറക്കെ വിളിച്ചു പറഞ്ഞു കൊടുത്തത്. പുറത്തു നിന്നുള്ള വിളിച്ചു പറയൽ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ആദ്യം ശ്രദ്ധിച്ചില്ല. ശബ്ദം കൂടിയതോടെയാണു സംഭവം വഷളായത്. യുവതി എച്ച് എടുത്തെങ്കിലും പുറത്തു നിന്നു സഹായം ലഭിച്ചതിന്റെ പേരിൽ യുവതി തോറ്റതായി ഉദ്യോഗസ്ഥർ രേഖപ്പെടുത്തി.